മണ്ണിൽ ഹസ്സൻ അനുസ്മരണ സമ്മേളനം നടന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ പ്രധാന സ്പോർട്സ് ക്ലബ്ബുകളിൽ ഒന്നായ കാദർ & മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റും, സ്ഥാപകാംഗവും, കലാ കായിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന മണ്ണിൽ ഹസ്സന്റെ അനുസ്മരണ സമ്മേളനം നടന്നു. പെരിന്തൽമണ്ണയുടെ കലാ കായിക സാമൂഹിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനും ഓർമ്മകൾ പുതുക്കാനുമായി നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.
ക്ലബ്ബിന്റെ വളർച്ചയിലും പെരിന്തൽമണ്ണയിലെ കായിക മുന്നേറ്റങ്ങളിലും നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു മണ്ണിൽ ഹസ്സൻ. കേവലം ഒരു കായിക സംഘാടകൻ എന്നതിനപ്പുറം നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളിലും സൗഹൃദ വേദികളിലും അദ്ദേഹം എപ്പോഴും മുൻപന്തിയിൽ ഉണ്ടായിരുന്നു. പെരിന്തൽമണ്ണയുടെ കായിക ഭൂപടത്തിൽ കാദർ & മുഹമ്മദലി സ്പോർട്സ് ക്ലബ്ബിനെ അടയാളപ്പെടുത്തുന്നതിൽ മണ്ണിൽ ഹസ്സൻ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. അദ്ദേഹത്തിൻറെ വേർപാട് നാടിൻറെ സാംസ്കാരിക മേഖലയ്ക്ക് വലിയൊരു നഷ്ടമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ അനുസ്മരിച്ചു.
ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പെരിന്തൽമണ്ണ നഗരസഭ അധ്യക്ഷ പച്ചീരി സുരയ്യ ഉദ്ഘാടനം ചെയ്തു. കാദറലി ക്ലബ്ബ് ട്രഷറർ സി.എച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ എം.ബി ഫസൽ മുഹമ്മദ്, യു. അബ്ദുൽ കരീം, സി.വി സദാശിവൻ, എൻ.പി ഉണ്ണികൃഷ്ണൻ, സി സുബ്രഹ്മണ്യൻ, വെള്ളാട്ട് മോഹനൻ, സുരേന്ദ്രൻ മങ്കട, അരിക്കുഴിയിൽ മുഹമ്മദ് കുട്ടി, യൂസഫ് രാമപുരം എന്നിവർ സംസാരിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് സ്വാഗതവും സെക്രട്ടറി എച്ച് മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.
