തിരൂരങ്ങാടിയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു
തിരൂരങ്ങാടി: വിൽപ്പനയ്ക്കെത്തിച്ച പഴയകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 60 കിലോ മത്സ്യം തിരൂരങ്ങാടി നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ദേശീയപാതയിലെ കക്കാട് ജങ്ഷൻ, തിരൂരങ്ങാടി റോഡിൽ മമ്പുറം ജങ്ഷൻ എന്നിവിടങ്ങളിലെ റോഡരികിൽ ഗുഡ്‌സ് ഓട്ടോറിക്ഷകളിൽ വിൽപ്പന നടത്തുകയായിരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്‌ച രാത്രി നഗരസഭാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം വിൽപ്പന നടത്തുന്നതു കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതും ഐസ് ഇടാതെ സൂക്ഷിച്ചവയും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് വിൽപ്പന നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. 'ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്' എന്നപേരിൽ തിരൂരങ്ങാടി നഗരസഭയിൽ ആരോഗ്യവിഭാഗം നടത്തുന്ന നടപടികളുടെ തുടർച്ചയായാണ് നഗരസഭയിലെ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനകേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.
കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഏഴു വാഹനങ്ങൾ പിടിച്ചെടുത്തു. 1.5 ലക്ഷം രൂപ പിഴ ഈടാക്കി. പരിശോധനകൾക്ക് നഗരസഭാ സെക്രട്ടറി എം.വി. റംസി ഇസ്‌മായീൽ, ക്ലീൻ സിറ്റി മാനേജർ ടി.കെ. പ്രകാശൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. മോഹൻദാസ്, പി.പി. സ്മിത, കെ. വിജേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
