ലോക കാന്‍സര്‍ ദിനം ആചരിച്ചു
ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെയും ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി പാലക്കാട് അസി.കളക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. ''ഒരുമിക്കാം; സമാനതകള്‍ ഇല്ലാതെ'' (United by Unique) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കാന്‍സര്‍ ബാധിച്ച് ജീവിക്കുന്ന ഓരോ വ്യക്തിയും കടന്നുപോകുന്നത് സമാനതകള്‍ ഇല്ലാത്ത സാഹചര്യങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ കാന്‍സര്‍ ദിനത്തില്‍ കാന്‍സര്‍ ബാധിച്ചവരോട് അനുഭാവം പ്രകടിപ്പിച്ച് അവര്‍ക്കുള്ള സേവനങ്ങളും അവസരങ്ങളും സമാനതകള്‍ ഇല്ലാതെ തന്നെ നല്‍കാനും അവര്‍ക്കായി ഒരുമിക്കാനും ഈ വര്‍ഷത്തെ സന്ദേശം ഊന്നല്‍ നല്‍കുന്നു.
''ആരോഗ്യ ആനന്ദം അകറ്റാം അര്‍ബുദം'' - കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനില്‍ മികച്ച സേവനം കാഴ്ചവച്ച കരുണ മെഡിക്കല്‍ കോളേജ്, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, നെന്മാറ അവിറ്റിസ് ഹോസ്പിറ്റല്‍, ഒറ്റപ്പാലം വെല്‍ഫെയര്‍ ട്രസ്റ്റ്, തങ്കം ഹോസ്പിറ്റല്‍ ഓഫ് പി എം ആര്‍ സി, പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവയെ അസിസ്റ്റന്റ് കളക്ടര്‍ ആദരിച്ചു. ദിനാചരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികള്‍ക്ക് അസിസ്റ്റന്റ് കളക്ടര്‍ സമ്മാനം വിതരണം ചെയ്തു . ജില്ലാ ആശുപത്രിയിലെ തിരഞ്ഞെടുത്ത കാന്‍സര്‍ രോഗികള്‍ക്ക് ''കൂട്ടം - കുടുംബ കൂട്ടായ്മ'' ചാരിറ്റബിള്‍ സൊസൈറ്റി പാലക്കാട് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പോഷകാഹാര കിറ്റ് വിതരണവും നടത്തി. കൂട്ടം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്ററും പാലക്കാട് ജില്ലാ ഇന്‍ചാര്‍ജുമായ അഷറഫ് ആലേങ്ങാട്, ജില്ലാ പ്രസിഡന്റ് അജി പ്രസാദ് എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.
പാലക്കാട് ജില്ലാ ആശുപത്രി ഐ.പി. പി. ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. റോഷ്. ടി.വി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും കാന്‍സര്‍ കെയര്‍ പ്രോഗ്രാമുകളുടെ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ ഡോ. കാവ്യ കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ ബിന്ദു തോമസ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. എ. കെ അനിത , ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അഹമ്മദ് അഫ്‌സല്‍, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി കൃഷ്ണദാസ് , ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. കെ ആര്‍ ദീപു, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന, ജില്ലാ ലാബ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്‍ ഷാഹിന്‍, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സി ലക്ഷ്മി , ടെക്‌നിക്കല്‍ അസിസ്റ്റന്റ് മനോജ് സി കെ കുമാര്‍, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി കൃഷ്ണപ്രിയ, ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍, നഴ്‌സിങ് ഓഫീസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍, ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ പങ്കെടുത്തു.
