യൂട്യൂബിൽ പാടിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് ആൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

യൂട്യൂബ് ചാനലിൽ പാട്ടുപാടിപ്പിക്കാമെന്നു പ്രലോഭിപ്പിച്ച് 12 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഠനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. പട്ടിക്കാട് സ്വദേശി വെള്ളിമേൽ തിരുത്തിയാംപുറത്ത് ഉമ്മർ (55), കീഴാറ്റൂർ സ്വദേശികളായ പാറമ്മൽ ഉസാമ (47), ചോലക്കാടൻ ഉമ്മർ (36) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലയിലും സംഘവും അറസ്റ്റുചെയ്തത്.
വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.
യൂട്യൂബിൽ പാടിപ്പിക്കാമെന്നു പറഞ്ഞു കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്ത പ്രതികൾ പിന്നീട് പലപ്പോഴും കുട്ടിയെ തനിച്ചാണ് വീട്ടിൽനിന്നു കൊണ്ടുപോയത്. കുട്ടിക്ക് മൊബൈൽഫോണും പണവും മറ്റും പ്രതികൾ നൽകി. ചോലക്കാടൻ ഉമ്മർ ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. പ്രതികളെ തിരൂർ കോടതി റിമാൻഡ്ചെയ്തു.