അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര ശ്രീകോവിലില്‍ യുവാവിന്റെ അക്രമം
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ യുവാവ് അതിക്രമിച്ചു കയറി. ഭഗവതിയുടെ ശ്രീകോവിലായ മാതൃശാലയ്ക്കകത്താണ് ഇയാള്‍ കടന്നത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാവ് ശിവന്റെ മുഖമണ്ഡപത്തില്‍ കയറിയിരുന്നു. ഇയാളുടെ പ്രവൃത്തിയില്‍ പന്തികേട് തോന്നിയതിനാല്‍ സുരക്ഷാജീവനക്കാരന്‍ അവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് പുറത്തേക്ക് മാറ്റി. എന്നാല്‍ സുരക്ഷാജീവനക്കാരന്‍ പോയ ഉടന്‍ യുവാവ് തിരിച്ചു ഓടിവന്ന് ശ്രീകോവിലില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍, ഭഗവതി വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ വലിച്ചെടുത്ത് കഴുത്തിലിട്ടു. വിളക്കുകള്‍ വലിച്ചെറിയുകയും ശ്രീകോവിലിനുള്ളിലെ ശൂലവും ക്ഷേത്രംഅടികളുടെ വാളും എടുത്ത് ശ്രീകോവിലിനുള്ളില്‍ കിഴക്കോട്ട് തിരിഞ്ഞിരിക്കുകയും ചെയ്തു. അക്രമസ്വഭാവം കാരണം ശ്രീകോവിനുള്ളില്‍നിന്ന് യുവാവിനെ പുറത്തേക്ക് മാറ്റുവാന്‍ ആദ്യം ആര്‍ക്കും സാധിച്ചില്ല. ഇയാള്‍ ശരീരമാസകലം എണ്ണ പുരട്ടിയിരുന്നു. ഇയാളെ ശ്രീകോവില്‍നിന്ന് പുറത്തേക്ക് മാറ്റാനായി കീഴ്ശാന്തിമാരും അടികളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് കുറച്ച് യുവാക്കള്‍ എത്തി തന്ത്രിയുടെ സമ്മതപ്രകാരം ശ്രീകോവിനുള്ളില്‍ കയറി അക്രമിയെ ബലംപ്രയോഗിച്ച് പുറത്ത് എത്തിച്ചു. ശേഷം കയറുകൊണ്ട് ബന്ധിച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.