logo
AD
AD

ഒരു കൂട്ടിരിപ്പ് 'കേന്ദ്ര'ത്തിലെ രോദനം

ജനുവരി 27, 2022⁣ 12.10 AM⁣ ⁣ പൈപ്പ് തുറന്നാൽ അസ്സഹനീയമായ ശബ്ദത്തോട് കൂടി വരുന്ന വാഷ് ബേസിനിലെ വെള്ളം, ⁣ ചുറ്റും 'സുരക്ഷാ' വലയം തീർത്തിരിക്കുന്ന കൊതുകുകൾ... പറന്നു നടക്കുന്ന ഞങ്ങളെ ഫാനിട്ട് ഓടിക്കാൻ നോക്കണ്ട എന്ന് പറയാതെ പറയുംപോലെ അമർത്തി മൂളിക്കൊണ്ടേയിരിക്കുന്നു...ഒന്നും രണ്ടും പെറ്റ് ഒരുപാടു കഥകളുമായി കൂട്ട് വന്നിരിക്കുന്ന അമ്മമാർ, അവർക്കിടയിൽ 25 വയസ്സ് മാത്രം പ്രായമായ ഞാൻ..⁣ സമയം 4:58.⁣ കുറച്ച് മുൻപേ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ സ്ത്രീയുടെ അമ്മ പറയുന്നു.. " പെണ്ണാണെങ്കിലും ആണാണെങ്കിലും.......... "⁣ ലേബർ റൂമിൽ നിന്ന് കരച്ചിൽ കേൾക്കുന്നുണ്ട്... ആരായിരിക്കും അടുത്തത് ...?!!!⁣ ⁣ 5:15 AM⁣ ലേബർ റൂമിൽ നിന്നും ഒരു കുട്ടിയുടെ കരച്ചിൽ....താഴെ നിന്നും ബക്കറ്റ് വാങ്ങി വരുന്ന എന്റെ കാതിൽ കേൾക്കാം... ഓരോ സ്റ്റെപ് കയറും തോറും ആ ശബ്ദം എന്റെ കാതിനടുത്തെത്തിക്കൊണ്ടിരുന്നു... ബക്കറ്റുമായി ഞാൻ കൂട്ടിരിപ്പുകാരുടെ റൂമിൽ എത്തി...കസേരയിൽ ഇരുന്നു...ഇപ്പോൾ നടന്നതൊക്കെ എഴുതി...⁣ ⁣ ഇടനാഴിയിലൂടെ അലഞ്ഞു നടക്കുന്ന ശൂന്യത. പകല്‍ വെട്ടമെത്താൻ കാത്ത് താഴെ വരാന്തയിൽ ഒറ്റ പുതപ്പും പുതച്ച് കിടന്നുറങ്ങുന്ന, അച്ഛനാവാൻ പോകുന്നവരും അച്ഛനായവരും അപ്പൂപ്പൻ മാരും. അവർക്കിനി കടുത്ത ഡ്യൂട്ടി ആണ്.. കൂട്ടിരിപ്പുകാർ പറയുന്നതൊക്കെ പുറത്ത് പോയി വാങ്ങി വരുക, എത്രയും പെട്ടന്ന്...⁣ ⁣ കുറച്ച് നേരം കിടന്നുറങ്ങിപ്പോയി. പെട്ടന്ന് എണീറ്റപ്പോൾ മുഖത്തേക്ക് 7 മണിയുടെ വെയിലിന്റെ ചൂട് ജനൽ പാളികൾ തുളച്ചു കയറി വന്നു. വാഷ് ബേസിനിലെ പൈപ്പിലൂടെ ചെറിയ ശബ്ദത്തോടുകൂടി വെള്ളം വരുന്നുണ്ടാർന്നു, അതിന്റെ അടുത്തു തന്നെ ഒരു അമ്മ പല്ല് തേച്ച് കൊണ്ട് നിൽക്കുന്നുണ്ട്. ഞാൻ കണ്ണ് നല്ലോണം തിരുമ്മി എണീറ്റിരുന്നു. തലവേദന ചെറുതായി അസഹ്യതയുണ്ടാക്കുന്നുണ്ടായിരുന്നു. വായയും മുഖവും കഴുകി വീണ്ടും കസേരയിൽ വന്നിരുന്നു. തലയിൽ കൈ താങ്ങി കണ്ണടച്ച് ഇരുന്നപ്പോഴേക്കും അടുത്തിരുന്ന ഒരമ്മ ഇത്തിരി കാപ്പി കൊണ്ട് തന്നു. " മോളു, ഇത് കുടിച്ചോ " എന്ന് സ്നേഹത്തോടെ പറയുകയും ചെയ്തു. മടി മുഖത്തുണ്ടായിരുന്നെങ്കിലും ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നു. ഒരു ചായകുടിക്കാൻ.... ⁣ ⁣ ഇരുന്നിരുന്ന് തുരുമ്പ് പിടിക്കുമെന്ന് തോന്നിപ്പോയി.. അത്രത്തോളം ധൈർഘ്യമേറിയ കാത്തിരിപ്പായിരുന്നു...(11 മണിക്കൂർ ഉറങ്ങാതെ )⁣ ⁣ കാത്തിരിപ്പ് 10.20 ന് അവസാനിച്ചു, ഒരു പെൺകുഞ്ഞിന്റെ ള്ളെ... ള്ളെ.. കരച്ചിൽ കേൾക്കാം...നേഴ്സ് വന്നു ചോദിച്ചു "ഗോപികേടെ കൂടെ ഉള്ളത് ആരാ?."⁣ ഞാൻ എണീറ്റ് ചെന്നു. അവർ എന്നെ നല്ലോണം ഒന്ന് നോക്കി..⁣ "ഗോപികേടെ...? "⁣ "അതേ ഞാൻ ആണ്"⁣ " ചേച്ചിയാണോ? "⁣ "അല്ല അനിയത്തിയാ"⁣ അവർ ഒന്നൂടി ചോദിച്ചു, ഉറപ്പിക്കാൻ.. ഞാൻ പിന്നേം പറഞ്ഞു,⁣ "അനിയത്തിയാ"⁣ "ഗോപിക പ്രസവിച്ചു ട്ടോ, പെൺകുഞ്ഞാണ്"⁣ 100 വാൾട്ടിന്റെ ബൾബ് കത്തി കണ്ണിലും നെഞ്ചിലും.. സന്തോഷത്തിന്റെയാണ്...⁣ ⁣ 10.38 AM⁣ ⁣ ചേച്ചിക്ക് കഴിക്കാൻ ചായയും പലഹാരവും വാങ്ങി ഒബ്സെർവേഷൻ റൂമിലോട്ടു പോയി... കാലിൽ ചോര പാടുകളുമായി ബെഡ്ഡില്‍ കിടപ്പുണ്ട്.. ചായപാത്രം ബെഡിൽ വച്ച് തിരിഞ്ഞു നോക്കിയപ്പോൾ ഒരു ചോരകുഞ്ഞിനേയുമെടുത്ത് സിസ്റ്റർ വന്നു,⁣ "ഇതാ നോക്കിക്കോ ട്ടോ... പെൺകുഞ്ഞാണ്..."⁣ ⁣ ഞാൻ അവളെ കോരിയെടുത്തു...എന്താലേ... ചോരകുഞ്ഞ്.. ദേ എന്റെ കയ്യിൽ.. What a wonderfull moment...⁣ വേദനയെടുത്ത് അഡ്മിറ്റ്‌ ആക്കിയതു മുതൽ ഗൂഗിളിൽ പെൺകുഞ്ഞിന് ഇടാൻ പറ്റുന്ന പേരുകൾ അന്വേഷിക്കൊണ്ടിരിക്കുകയായിരുന്ന എന്റെ കയ്യിൽ ദേ കുഞ്ഞി കണ്ണുകൾ അടച്ച് അവൾ കിടക്കുന്നു... മടക്കിവച്ചിരുന്ന വിരലുകൾക്കുള്ളിലൂടെ ഞാൻ എന്റെ കൈവിരലുകൾ കടത്തി അവളുടെ കൈ വിരലുകൾ വിടർത്തി, മുഖം താഴ്ത്തി വച്ച് മെല്ലെ വിളിച്ചു......⁣ ⁣ ശ്രേഷ ....

✍🏻 എഴുത്ത്:⁣ ദീപിക ചന്ദ്രൻ⁣ പാലക്കാട്‌ (കൊടുവായൂർ)

Latest News

latest News