ഒഴുക്കിൽപെട്ട് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ കണ്ടെത്തി
പൊന്നാനി: സഹോദരനൊപ്പം കുളിക്കാനിറങ്ങി തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ കണ്ടെത്തി. കൊടുമുണ്ട മൂർക്കാൻകുഴി അബുൽ ഹക്കീമിന്റെ മകൻ സഅദ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പൈലിപ്പുറം കാളിയാർവെട്ടം കടവിൽ കുളിക്കുന്നതിനിടെയാണ് സഅദും സഹോദരൻ സഹലും ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ കണ്ടെത്താനായില്ല. പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെ പൊന്നാനി കൈലാസംകളം കടവിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
