logo
AD
AD

അങ്കണവാടി കുട്ടികൾക്ക് വിതരണംചെയ്ത അമൃതം ന്യൂട്രീമിക്‌സിൽ ചത്ത പല്ലിയെ കണ്ടെത്തി

വെള്ളനാട്: അങ്കണവാടി കുട്ടികൾക്ക് വിതരണംചെയ്ത അമൃതം ന്യൂട്രീമിക്‌സിൽ ചത്ത പല്ലിയെ കണ്ടെത്തി. വെള്ളനാടിനുസമീപം ചാങ്ങ അങ്കണവാടിയിൽനിന്നു വിതരണംചെയ്ത പൂരക പോഷകാഹാരമായ അമൃതം ന്യൂട്രീമിക്‌സിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ചാങ്ങ പണ്ടാരവീട്ടിലെ വൈഷ്ണവിക്കു ലഭിച്ച അമൃതം പായ്ക്കറ്റിനുള്ളിലാണ് പല്ലിയുണ്ടായിരുന്നത്. ദിവസങ്ങൾക്കുമുൻപ്‌ അങ്കണവാടിയിൽനിന്നു ലഭിച്ച അമൃതം പായ്ക്കറ്റ് 27-ന് വൈകീട്ട് 5 മണിയോടെ ഒരു വയസ്സുള്ള തന്റെ മകൾക്ക് നൽകാനായി ചൂടുവെള്ളത്തിൽ പൊട്ടിച്ചിട്ടപ്പോഴാണ് പായ്ക്കറ്റിനുള്ളിൽനിന്നും ചത്ത പല്ലി വെള്ളത്തിൽ വീണത്. തുടർന്ന് ഇവർ അങ്കണവാടി ജീവനക്കാരെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. 28-ന് രാവിലെ വൈഷ്‌ണവിയുടെ വീട്ടിലെത്തിയ വനിതാ ശിശുക്ഷേമവകുപ്പ് അധികൃതർ അമൃതം പൊടിയുടെ പായ്ക്കറ്റും ചത്ത പല്ലിയെയും പരിശോധനയ്ക്കായി കൊണ്ടുപോയി. കാട്ടാക്കടയ്ക്കു സമീപം ആമച്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനെയാണ് അമൃതം പൊടി തയ്യാറാക്കി വിതരണംചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും പല്ലിയെ കണ്ടെത്തിയ പായ്ക്കറ്റിലെ ബാച്ച് നമ്പറിലുള്ള എല്ലാ അമൃതം പായ്ക്കറ്റുകളും തിരിച്ചെടുത്ത് പകരം പുതിയത് നൽകാൻ നിർമാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ശിശുവികസനസമിതി വെള്ളനാട് ബ്ലോക്ക് പ്രോജക്ട് ഓഫീസർ ലേഖ പറഞ്ഞു. കുട്ടികളുടെ പൂരക പോഷകാഹാരമായ അമൃതം പൊടിയിൽ പല്ലിയെ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി എടുക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്‌ണ അറിയിച്ചു. കുട്ടികളുടെ പോഷകാഹാര വിതരണത്തിൽ അപാകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി.


Latest News

latest News