125 കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി എൻ.എസ്.എസ് യൂണിറ്റ്
ആനക്കര: ഡോ. ക്യാപ്റ്റൻ ലക്ഷ്മി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 125 കുടുംബങ്ങൾക്ക് ഓണക്കിറ്റും 35 കുടുംബങ്ങൾക്ക് ഓണക്കോടിയും വിതരണം ചെയ്തു. വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ ഉൾപ്പെടുത്തി 12 ഉൽപ്പന്നങ്ങളടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്തത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജീഷ് കെ.പി ഉദ്ഘാടനം ചെയ്തു. സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്ന ബസ് ജീവനക്കാർക്കും എൻ.എസ്.എസ് ടീം കസവുമുണ്ട് നൽകി. വിദ്യാർത്ഥികളെ സുരക്ഷിതമായി കയറ്റിയിറക്കുന്നതിന് നന്ദി അറിയിച്ചായിരുന്നു ആദരം. പ്ലാസ്റ്റിക് ഒഴിവാക്കി എൻ.എസ്.എസ് വളണ്ടിയർമാർ സ്വന്തമായി നിർമിച്ച കോട്ടൺ തുണിസഞ്ചികളിലാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പരിപാടിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജീവ് ആർ.കെ, വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
