സുനാമി റെഡി മോക്ഡ്രിൽ സംഘടിപ്പിച്ചു
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ചാൽ ബീച്ചിൽ സുനാമി റെഡി മോക്ഡ്രിൽ സംഘടിപ്പിച്ചു. സുനാമി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ തീരദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ ഒഴിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപിത ദുരന്ത പ്രതികരണ ശേഷി പരിശോധിക്കുന്നതിനുമാണ് മോക്ഡ്രിൽ നടത്തിയത്. മുന്നറിയിപ്പിനെ തുടർന്ന് അപായ സൈറൻ മുഴക്കുകയും പ്രദേശവാസികളെ അറിയിക്കുകയും ചെയ്തു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ, വയോജനങ്ങൾ തുടങ്ങിയവരെ ആംബുലൻസ് സേവനത്തിന്റെ സഹായത്തോടെ പ്രാഥമിക സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചു. ആവശ്യമായവർക്ക് പ്രാഥമിക ചികിത്സയും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കി. റവന്യൂ, അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കോസ്റ്റൽ പോലീസ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ മോക്ഡ്രില്ലിൽ സജീവമായി പങ്കെടുത്തു. ഏകദേശം 50 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിലൂടെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കി. മോക്ഡ്രില്ലിന് ശേഷം നടന്ന അവലോകന യോഗത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ കാര്യക്ഷമത, വകുപ്പുകൾ തമ്മിലുള്ള ഏകോപനം, സുരക്ഷിത ഒഴിപ്പിക്കൽ, അടിയന്തര പ്രതികരണ സംവിധാനങ്ങൾ എന്നിവ വിലയിരുത്തി. ദുരന്തസാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണവും ജനങ്ങളുടെ സുരക്ഷിത ഒഴിപ്പിക്കലും ഉറപ്പാക്കുന്നതിനുള്ള മാതൃകാപരമായ പരിശീലനമായി ചാൽ ബീച്ചിലെ സുനാമി മോക്ഡ്രിൽ മാറി. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സനില, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സി.വി. മോഹനന്‍, ഫൈസല്‍ വള്ളിയോട്ട്, പ്രജോഷ് പുരുഷോത്തമന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍ കെ.കെ.ജിതേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ ബി.ജോയ്, കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെകടര്‍ എം.പി.അനില്‍കുമാര്‍, ബി.ഡി.ഒ കെ.സീമ, ഡോ.സുമന്‍ മോഹന്‍, കെ. ഷൈനി തുടങ്ങിയവര്‍ മോക് ഡ്രില്‍ അവലോകനയോഗത്തില്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സുരേശന്‍, ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് എസ്.ഐശ്വര്യ, തസ്ലീം ഫാസില്‍, അഴീക്കോട് നോര്‍ത്ത് വില്ലേജ് ഓഫീസര്‍ ഇ.രതീഷ്, ഡോ.മിനിശ്രീധരന്‍ വിവിധ വകുപ്പ് തല ഉദോഗസ്ഥര്‍, ഫയര്‍ റെസ്‌ക്യു വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി.
