വാണിയമ്പലം റെയിൽവേ മേൽപ്പാലം: ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതി
വണ്ടൂർ: വാണിയമ്പലം റെയിൽവേ മേൽപാലം നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ഭരണാനുമതി ലഭിച്ചതായി റെവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽ കുമാർ അറിയിച്ചു. മേൽപാലം നിർമ്മാണത്തിനായി 63.11 ആർസ് ഭൂമി ഏറ്റെടുക്കുന്നതിനാണ് റെവന്യൂ വകുപ്പ് അനുമതി നൽകിയത്. പ്രദേശത്തെ 209, 212, 213, 376, 377, 379, 380 എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമിയാണ് ഏറ്റെടുക്കൽ നടപടികൾക്കായി പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുടർ നടപടികൾക്കായി ലാൻഡ് അക്വിസിഷൻ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ ആരംഭിക്കുന്നത്. പൊതുതാല്പര്യവും വികസന ആവശ്യങ്ങളും മുൻനിർത്തിയാണ് ഭൂമി ഏറ്റെടുക്കൽ. ഭൂമിയുടമകൾക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാണിയമ്പലം റെയിൽവേ ഗേറ്റിലെ ഗതാഗത കുരുക്ക് കുറയക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ് റെയിൽവേ മേൽപാലം. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ഭരണാനുമതി ലഭിച്ചതോടെ പദ്ധതിയുടെ തുടർ നടപടികൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷ.
