കോഡൂര്‍ മോണിംഗ് ലാബും സബ്സെന്ററും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
മലപ്പുറം: ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ രാവിലെ ഏഴിന് കോഡൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മോണിങ് ലാബിന്റെ ഉദ്ഘാടനവും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മെയിന്‍ സബ്‌സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനവും സംസ്ഥാന വ്യവസായ-ഐടി-വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഹെല്‍ത്ത് ഗ്രാന്റില്‍ നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മെയിന്‍ സബ്‌സെന്ററിനായി അനുവദിച്ച 55 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന സ്മാര്‍ട്ട് കോഡൂര്‍ പദ്ധതിയുടെ ഭാഗമായാണ് മലപ്പുറം ജില്ലയില്‍ തന്നെ ആദ്യമായി പൊതുജനാരോഗ്യ മേഖലയില്‍ മോണിങ് ലാബ് ആരംഭിക്കുന്നത്. രാവിലെ ഏഴു മുതല്‍ ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നത് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വകാര്യലാബുകളെ ആശ്രയിക്കാതെ ടെസ്റ്റുകള്‍ നടത്താന്‍ സഹായകമാകും. രാവിലെ ടെസ്റ്റുകള്‍ക്ക് വരുന്നവര്‍ക്ക് ചായയും സ്‌നാക്‌സും ലഭ്യമാക്കുന്ന പദ്ധതിക്കും മന്ത്രി തുടക്കം കുറിച്ചു. ഉദ്ഘാടന ചടങ്ങില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. ആതുര സേവന രംഗത്തെ പ്രവര്‍ത്തന മികവിന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി ദിലീപ് പരിശവിള, പരിരക്ഷ നഴ്‌സ് സുനിത, മികച്ച ഭിന്നശേഷി കര്‍ഷകനുള്ള അവാര്‍ഡ് നേടിയ തോരപ്പ മുസതഫ, മലയില്‍ ഗദ്ദാഫി എന്നിവരെ ആദരിച്ചു. കോഡൂര്‍ ടെക്‌നിക്കല്‍ കോളെജിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജുല പെലത്തൊടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം.സുബൈര്‍, സജ്‌നമോള്‍ ആമ്യന്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മച്ചിങ്ങല്‍ മുഹമ്മദ് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.സുല്‍ത്താന്‍ അയനിക്കുന്നന്‍ നന്ദിയും പറഞ്ഞു.
