മങ്കടയിലെ വികസന പദ്ധതികൾ: മുഖ്യമന്ത്രിയുമായി മഞ്ഞളാംകുഴി അലി എം.എൽ.എ ചർച്ച നടത്തി
മങ്കട: മങ്കട മണ്ഡലത്തിലെ പ്രധാന വികസന പ്രവർത്തനങ്ങൾ വേഗത്തിൽ യാഥാർത്ഥ്യമാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനുമായി മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി നേരിൽ കണ്ട് ചർച്ച നടത്തി. മണ്ഡലത്തിലെ അടിയന്തര പ്രാധാന്യമുള്ള വിവിധ പദ്ധതികളും ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര പ്രാധാന്യമുള്ള ഒരാടംപാലം - വൈലോങ്ങര ബൈപാസ്, ഒരാടംപാലം - മാനത്തുമംഗലം ബൈപാസ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ വൈലോങ്ങര - പാലോളിപ്പറമ്പ, കൊളത്തൂർ - കുറുപ്പത്താൽ, മക്കരപ്പറമ്പ ബൈപാസ് തുടങ്ങിയവയുടെ സർവേ നടപടികൾ വേഗത്തിലാക്കാനും എം.എൽ.എ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിൽ മങ്കട സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. ഇതോടൊപ്പം മങ്കട പോലീസ് സ്റ്റേഷൻ നിർമ്മാണം, പുഴക്കാട്ടിരി ഐ.ടി.ഐ കെട്ടിട നിർമ്മാണം തുടങ്ങിയ പ്രധാന വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
