logo
AD
AD

മഴക്കെടുതി ദുരന്തനിവാരണത്തില്‍ ജില്ല മാതൃക: മന്ത്രി പി.കെ.ബഷീര്‍

മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല മാതൃകാപരമായ ഇടപെടല്‍ നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.കെ.ബഷീര്‍ ആസൂത്രണസമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദുരന്ത നിവാരണ ഏകോപന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചത്. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി അവലോകനവും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. ജില്ലയില്‍ മഴക്കെടുതിയില്‍ നാലു മരണം ഉണ്ടായെന്നും ഇവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് അറ്റകുറ്റ പണികള്‍ക്ക് ശേഷം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തെന്നും റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന ദിവസങ്ങളില്‍ റോഡ് താത്ക്കാലികമായി അടക്കുമെന്നും യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ മഴക്കെടുതിയില്‍ ജില്ലയിലുടനീളം 65 ചെറിയ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതുജനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലയിലെ അനധികൃത ഖനനം തടയുന്നതിനായി പൊലീസ്, റവന്യൂ, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം വിപുലമാക്കും. ജിയോളജി വകുപ്പില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകള്‍, താലൂക്കുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരന്ത നിവാരണത്തിനായുള്ള തയാറെടുപ്പുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പൊന്നാനിയിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിഞ്ഞുവെന്നും നിലവില്‍ 20 പേര്‍ മാത്രമാണ് തിരൂരങ്ങാടി താലൂക്കിലെ ചേറൂര്‍ ചാക്കീരി അഹ്‌മദ് കുട്ടി സ്മാരക ജി.എം.യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നതെന്നും തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ.കൈനിക്കര യോഗത്തില്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാംപില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നും അവശ്യമരുന്നുകളും അടിയന്തര പരിശോധനകളും കൃത്യമായി ചെയ്തുവരുന്നുണ്ടെന്നും ഡി.എം.ഒ.യോഗത്തില്‍ അറിയിച്ചു. സ്‌കൂബ ടീം, 800 പേരടങ്ങുന്ന സിവില്‍ ഡിഫന്‍സ് ടീം എന്നിവ പ്രവര്‍ത്തന സജ്ജമാണെന്ന് ഫയര്‍ ഫോഴ്‌സ് വിഭാഗം യോഗത്തില്‍ അറിയിച്ചു. ജില്ലാ-താലൂക്ക് തലങ്ങളിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കെ.എസ്.ഇ.ബി. സര്‍ക്കിളുകള്‍ക്ക് കീഴിലും 24 മണിക്കൂറും കണ്‍ട്രോള്‍ യൂണിറ്റുകള്‍ സജ്ജമാണെന്ന് യോഗം വിലയിരുത്തി. മഴക്കെടുതിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ക്യാംപയിന്‍ നടന്നു വരികയാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ സബ് കളക്ടര്‍മരായ ദിലീപ് കൈനിക്കര, സാക്ഷി മോഹന്‍, എ.എസ്.പി. പി.ബിജുരാജ്, എ.ഡി.എം. ഇന്‍ ചാര്‍ജ് അന്‍വര്‍ സാദത്ത്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Latest News

latest News