സാമൂഹ്യപ്രവർത്തകർക്കായി പെരിന്തൽമണ്ണയിൽ എം.എൽ.എയുടെ 'ക്രിയോണം'
പെരിന്തൽമണ്ണ: നാടിന്റെ നന്മയ്ക്കായി അഹോരാത്രം പണിയെടുക്കുന്ന സാമൂഹ്യപ്രവർത്തകരെ ആദരിച്ചും ചേർത്തുപിടിച്ചും പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച 'ക്രിയോണം' ഓണാഘോഷ പരിപാടി വൻ ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ ഷിഫ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നാടിന്റെ പുരോഗതിക്കായി വനിതകൾക്ക് വലിയ സംഭാവന നൽകാൻ സാധിക്കുമെന്നും സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ വികസനം സമ്പൂർണ്ണമാവില്ലെന്നും മന്ത്രി പറഞ്ഞു. പെരിന്തൽമണ്ണ മണ്ഡലത്തിലെ ജനങ്ങൾക്ക് രാപ്പകലില്ലാതെ തണലേകുന്ന അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശാ വർക്കർമാർ, പാലിയേറ്റീവ് പരിരക്ഷാ നഴ്‌സുമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികൾ, സാക്ഷരത പ്രേരക്മാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേരാണ് ദിനചര്യകളുടെ ഭാരമെല്ലാം മാറ്റിവെച്ച് ആഘോഷത്തിൽ പങ്കാളികളായത്. കഴിഞ്ഞ 5 വർഷമായി എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന 'ക്രിയോണം' ഇത്തവണയും പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ജനശ്രദ്ധ നേടി. ഉദ്ഘാടന ചടങ്ങിന് ശേഷം അക്ഷരാർത്ഥത്തിൽ കൺവെൻഷൻ സെന്റർ കലാമാമാങ്കത്തിന് വേദിയാവുകയായിരുന്നു. ദിനംപ്രതി നാടിന്റെ സേവനവഴിയിൽ കർമ്മനിരതരാകുന്നവർ തങ്ങളുടെ കലാവാസനകൾ പുറത്തെടുത്തപ്പോൾ കാണികൾ അത് കൈയടികളോടെ സ്വീകരിച്ചു. സുന്ദരമായ ഓണപ്പാട്ടുകൾ, പരമ്പരാഗത തിരുവാതിരക്കളി, ആവേശമുണർത്തിയ ഒപ്പനയും, നാടൻപാട്ടുകളും, വിവിധ ഗ്രൂപ്പുകളുടെ സമകാലിക നൃത്തവിസ്മയങ്ങൾ എന്നിങ്ങനെ പാടിയും പറഞ്ഞും ആടിയും നൃത്തം ചവിട്ടിയും പങ്കെടുത്തവരെല്ലാം ക്രിയോണത്തെ അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റി. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ പ്രവർത്തിക്കുന്ന സാധാരണക്കാരായ പൊതുപ്രവർത്തകർക്ക് ആദരവും ആശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ കൂട്ടായ്മ, പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും വലിയൊരു സന്ദേശമാണ് പെരിന്തൽമണ്ണയ്ക്ക് സമ്മാനിച്ചത്. ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി നാലകത്ത് സൂപ്പി, നഗരസഭ അധ്യക്ഷ സുരയ്യ ഫാറൂഖ്, വൈസ് ചെയർമാൻ എം ബി ഫസൽ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ആയിഷ മേക്കോട്ടിൽ, ഷഹീന മോൾ, സുധ പൊട്ടിപ്പാറ, സുലൈഖ കരിമ്പന, റംസീന മുജീബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഹസീബ് വളപുരം, അപ്പു എന്ന മോഹൻദാസ്, കെ ഭാരതി, എ കെ നാസർ മാസ്റ്റർ, എസ് അബ്ദുസ്സലാം, എ കെ മുസ്തഫ, ചമയം ബാപ്പു, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ശ്രിഥ വൈഷ്ണ പ്രാർത്ഥന ഗീതം ആലപിച്ചു. ശിശിര ടീച്ചർ സ്വാഗതവും നഗരസഭ കൗൺസിലർ കെ എം റാഷിഖ് നന്ദിയും പറഞ്ഞു.
