തവനൂർ എം.ഡി.എം.എ കേസ്: അന്തർസംസ്ഥാന ലഹരി റാക്കറ്റിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ പിടിയിൽ
കുറ്റിപ്പുറം / മലപ്പുറം: തവനൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എ പിടികൂടിയ കേസിൽ അന്തർസംസ്ഥാന ലഹരിമാഫിയയുടെ പ്രധാന സൂത്രധാരൻ ബെംഗളൂരുവിൽ പിടിയിലായി. കൊല്ലം ചിറക്കൽ സ്വദേശി ശിവനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി.ഐ രഞ്ജിത്ത് കെ.ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി കീഴ്പ്പെടുത്തിയത്. പോലീസിനെ കായികമായി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് തവനൂർ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി ലഹരി വിൽപ്പന നടത്തുന്നതിനിടെ മുഹമ്മദ് ജാസിർ, മുഹമ്മദ് റിസ്വാൻ എന്നിവരെ കാർ സഹിതം 100 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് അന്ന് കണ്ടെടുത്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതികൾക്ക് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയത് തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി അജ്മൽ ഇസ്മായിൽ (30) ആണെന്ന് കണ്ടെത്തി. തൊടുപുഴയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ശിവനിലേക്ക് അന്വേഷണം നീണ്ടത്. അജ്മൽ ഇസ്മായിലുമായി പോലീസ് സംഘം ബെംഗളൂരു സർജാപൂരിലെ ഫ്ലാറ്റിൽ എത്തിയെങ്കിലും കാമുകിയോടൊപ്പം താമസിച്ചിരുന്ന ശിവൻ അവിടെനിന്ന് ഒഴിഞ്ഞുമാറിയിരുന്നു. തുടർന്ന് മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇയാളുടെ പുതിയ ഒളിത്താവളം കണ്ടെത്തിയത്. വാഹനങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കാത്ത ഒരു ഉൾഗ്രാമത്തിലെ വിജനമായ സ്ഥലത്തായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ രണ്ട് കിലോമീറ്ററോളം കാൽനടയായി സഞ്ചരിച്ച് ഒളിത്താവളത്തിലെത്തിയാണ് പ്രതിയെ കീഴടക്കിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയാണ് ശിവൻ. പോലീസ് നിരീക്ഷണം ഒഴിവാക്കാൻ സാധാരണ ഫോൺ കോളുകൾ പൂർണമായും ഉപേക്ഷിച്ച പ്രതി, 'സിഗ്നൽ' പോലുള്ള എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകൾ മാത്രമാണ് ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. ആവശ്യക്കാർക്ക് നേരിട്ട് നൽകാതെ നിശ്ചിത കേന്ദ്രങ്ങളിൽ ലഹരി ഒളിപ്പിച്ചുവെക്കുന്ന 'ഡ്രോപ്പിങ്' രീതിയാണ് ഇയാൾ പയറ്റിയിരുന്നത്. അവിടെ നിന്നാണ് പ്രാദേശിക വിതരണക്കാർ സാധനം ശേഖരിച്ചിരുന്നത്. ബെംഗളൂരുവിലെ ആഫ്രിക്കൻ-നൈജീരിയൻ സംഘങ്ങളിൽ നിന്നാണ് ഇയാൾ പ്രധാനമായും എം.ഡി.എം.എ സംഭരിച്ചിരുന്നത്. പ്രതികൾ തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ലഹരിമരുന്ന് ബെംഗളൂരുവിലേക്ക് എത്തുന്നതെന്നാണ് ശിവനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം. ഈ വിദേശ ലഹരി ശൃംഖലയിൽ മലയാളികളും സജീവമാണെന്നും ശിവന് ലഹരി കൈമാറിയത് മറ്റൊരു മലയാളിയാണെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ലഹരി ഇടപാടുകാരെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ശ്യാം എരേക്കത്ത്, എസ്.സി.പി.ഒ ഉദയകുമാർ (ഉദയൻ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
