സമുന്നതി സ്പെഷ്യൽ പ്രോജക്ട്: ബ്രിഡ്ജ് കോഴ്സ് ഉദ്ഘാടനവും പഠനോപകരണ വിതരണവും നടന്നു
പരുതൂർ ഗ്രാമപഞ്ചായത്തിൽ സമുന്നതി സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച ബ്രിഡ്ജ് കോഴ്സ് പ്രസിഡന്റ് അഡ്വ. നിഷാ വിജയകുമാർ ഉദ്ഘാടനം ചെയ്തു. പരുതൂർ കുടുംബശ്രീ സി. ഡി. എസിന്റെ നേതൃത്വത്തിലാണ് സ്പെഷ്യൽ പ്രോജക്ട് നടപ്പിലാക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ സ്പെഷ്യൽ പ്രോജക്ട് വഴി സഹായകമാകും. സ്പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന ബ്രിഡ്ജ് കോഴ്സുകൾ പട്ടികജാതി വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഗുണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. പ്രൊജക്ടിന്റെ ഭാഗമായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വൈകുന്നേരങ്ങളിലാണ് വിദ്യാർത്ഥികൾക്കായി ബ്രിഡ്ജ് കോഴ്സുകൾ സംഘടിപ്പിക്കുക. ഇതിനായി അതത് മേഖലകളിൽ പ്രത്യേകം മെന്റർമാരുണ്ടാകും. നഗറുകളിലുള്ള വിദ്യാർത്ഥികൾക്ക് മികച്ച പഠന സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടോയെന്ന് മെന്റർമാരുകൾ ഉറപ്പുവരുത്തുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ വനിതകൾക്കായി സ്വയംതൊഴിൽ പദ്ധതികളും യൂത്ത് ക്ലബ്ബുകളും സംഘടിപ്പിക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ ജമീല, സമുന്നതി കോർഡിനേറ്റർമാരായ അനിത, ഭാഗ്യ എന്നിവർ പങ്കെടുത്തു.
