logo
AD
AD

ചിറക് | കഥ | ഇടം

" ന്റെ സാവിത്രി... നിനക്ക് വയസ്സാം കാലത്ത് ന്തിന്റെ കേടാ... "⁣⁣ നാൽപ്പത്തിരണ്ടാം വയസ്സിന്റെ അവസാനത്തില് , അതായത് ഇന്നലെ മനസ്സിലുദിച്ചൊരു മോഹമറിയിച്ചതിന് സഹോദരന്റെ പ്രതികരണം! പ്രതീക്ഷിച്ചത് തന്നെ , താൻ ജീവിതത്തിൽ അടുത്തറിഞ്ഞ പുരുഷകേസരികളിലധികവും സ്ത്രീസ്വപ്നങ്ങളുടെ കൊലയാളികളായിരുന്നു . " നീ പെണ്ണാണെന്ന " വാക്കിനാൽ തന്റെ ആകാശത്തിന് മേൽ ഇരുമ്പ്കൂട് പണിത അച്ഛൻ മുതൽ , തന്റെ ആശയങ്ങളെ ഭ്രാന്തെന്ന് മുദ്രകുത്തുന്ന പുത്രൻ വരെ എത്തിനിൽക്കുന്നു താൻ തൊട്ടറിഞ്ഞ പുരുഷാധിപത്യത്തിന്റെ നിര. " ഭ്രാന്ത് " തന്റെ തീരുമാനങ്ങൾക്ക് ചാർത്തിക്കിട്ടിയ വിശേഷണങ്ങളിൽ ഏറ്റം മികച്ചത് . ആ ഭ്രാന്തിന്റെ നിലവിലുള്ള അവസാന കണ്ണിയാണീ തീരുമാനം 'മോചനം! ' വെറുമൊരു താലിച്ചരടിൽ നിന്നുള്ള മോചനം മാത്രമല്ലിത് . രണ്ട് പതിറ്റാണ്ടിലേറെയായി തനിക്ക് ചുറ്റും ചുറ്റപ്പെട്ട വലക്കണ്ണികൾ പൊട്ടിച്ചെറിയലാണ് . പുതിയ വായു തേടിയുള്ള സഞ്ചാരമാണ്...⁣⁣ ⁣⁣ " അല്ലേലും ടീച്ചർക്കിപ്പൊന്താ ഇങ്ങനെ തോന്നാൻ... ടീച്ചർക്ക് എന്ത് കുറവാ അവിടെയ്ള്ളേ... " സഹപ്രവർത്തകയുടെ ന്യായമായ ചോദ്യം . പുറമെ നിന്ന് ദർശിക്കുന്നവർക്കെല്ലാം തോന്നാവുന്ന സംശയം. സ്വഭാവികം! തന്നെ ജോലിക്ക് പറഞ്ഞയക്കുന്ന , എന്നും തന്നെ വന്ന് പിക് ചെയ്യുന്ന സ്നേഹനിധിയായ ഭർത്താവിനെപ്പറ്റി കണ്ടുനിൽക്കുന്നവർ മറ്റെന്ത് പറയാനാണ്... പുറമെ കാണുന്ന കേടുപാടുകളെക്കാൾ ഏറെ ഭയാനകമാണ് ഉള്ളിലെ പുഴുക്കുത്തുകൾ എന്നാരും അറിയുന്നില്ലല്ലോ. കുറവ് ചോദിക്കുന്നവരുടെ മുഖത്തേക്ക് തന്റെ സ്വാതന്ത്രമില്ലായ്മയെ വലിച്ചെറിയണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ, നിർഭാഗ്യമെന്ന് പറയട്ടെ വലിച്ചെറിഞ്ഞപ്പോഴെല്ലാം അവഗണയുടെ, പിന്തള്ളപ്പെടലുകളുടെ പാറപ്പുറങ്ങളിൽ തട്ടിയത് എന്നിലേക്ക് തന്നെ തിരിച്ചെത്തി...⁣⁣ ⁣⁣ പീഡിഗ്രിക്ക് പഠിപ്പിച്ച അദ്ധ്യാപകൻ മുഖേന ജോലി ശരിയായതിന്റെ സന്തോഷവാർത്തയുമായി എത്തിയ എന്നെ കാത്തിരുന്നത് നിരത്തി വെച്ച ചായഗ്ലാസുകളും നിറഞ്ഞ പലഹാരപാത്രങ്ങളുമായിരുന്നു , കൂടെ പൂമുഖത്ത് ഒരു കൂട്ടം അപരിചിതമുഖങ്ങളും... എതിർക്കാനായ് നാക്ക് പിറന്നതും "പെണ്ണെന്ന " താക്കീതിന്റെ വാതിൽ കൊട്ടിയടച്ചവർ പ്രതികാരം വീട്ടി. അച്ഛന്റെ തറവാട് പാരമ്പര്യത്തിലും ഭൂധനത്തിലും കണ്ണ് മഞ്ഞളിച്ച വിരുന്നുകാർ ' വിവാഹശേഷവും ജോലിക്ക് പോകുവാനുള്ള അനുവാദം ' ഒരു അപാര വാഗ്ദാനമായി കാണിക്ക വെച്ചു. താലിക്ക് മുന്നിൽ കഴുത്ത് നീട്ടുമ്പോൾ ഹൃദയത്തിൽ പ്രതീക്ഷയുടെ വിത്ത് മുളച്ച്പൊന്തുന്നുണ്ടായിരുന്നു.അഭിപ്രായസ്വാതന്ത്രത്തിന്റെ , സന്തോഷത്തിന്റെ നല്ല നാളുകൾ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷ. പക്ഷെ, മുളച്ചുപൊന്തിയ താൻ കണ്ടത് അനുഭവിച്ചറിഞ്ഞതിനേക്കാൾ വലിയ പുരുഷാധിപത്യത്തിന്റെ മേൽക്കോയ്മയായിരുന്നു. അഭിപ്രായങ്ങളും സ്വപ്നങ്ങളും സ്വാതന്ത്ര്യവും മരിച്ച ഒരുകൂട്ടം പെണ്ണുടലുകൾ. ഉണ്ടും ഉറങ്ങിയും പെറ്റും പണിയെടുത്തും ജീവിതം തീർക്കുന്ന ചിറകൊടിഞ്ഞ ജന്മങ്ങൾ.⁣⁣ ⁣⁣ ഇപ്പോഴെടുത്ത ഈ തീരുമാനം ഞാനെടുക്കുന്ന മൂന്നാമത്തെ വിപ്ലവകരമായ തീരുമാനമാണെന്ന് പറയാം .അടുക്കളപ്പുറത്തെ കോലങ്ങൾക്കിടയിൽ നിന്നും ജോലിക്കിറങ്ങിയതായിരുന്നു ആദ്യത്തെ വിപ്ലവം. താഴിട്ടുപൂട്ടിയ പല പെൺശബ്ദങ്ങളും അന്ന് അടക്കം പറഞ്ഞു. വന്നുചേരാൻ പോകുന്ന പുതിയ വരുമാനമോർത്ത് കാരണവന്മാർ നിശബ്ദരായി. പുരുഷാധിപത്യത്തിന്റെ അടിവേരിന് കോട്ടം വരുത്തുന്ന രീതിയിലായിരുന്നു അടുത്ത തീരുമാനം.കുടുംബവരുമാനത്തിന്റെ ആധിപത്യം കവർന്നെടുക്കുക. തന്റെ ശമ്പളത്തിന്റെ പാതിതുക തന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതറിഞ്ഞ ആ രാത്രി ഇപ്പോഴും ഓർമയിലുണ്ട്. ആ വലിയ വീട്ടിലാകെയും മൗനം തളംകെട്ടിക്കിടന്നു. വരാൻ പോകുന്ന പൊട്ടിത്തെറിയുടെ അകമ്പടിയാണാ മൗനമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷെ, എല്ലാം തീർത്തും ശാന്തമായി തന്നെ തുടർന്നു.⁣⁣ ⁣⁣ എന്നും സംസാരിക്കാറുള്ള മനുഷ്യരെല്ലാം മൗനവ്രതത്തിലാണ്. ഹൊ! എന്ത് ഭീകരമാണെന്നോ.. ഒരുപക്ഷെ ബഹളവും പരിഹാസവും ചീത്തവിളിയുമാണെങ്കിൽ ഇത്രയേറെ ബാധിക്കില്ലായിരുന്നു. അത്രയേറെ പ്രിയപ്പെട്ടവരായി മാറിയ മനുഷ്യരുടെ മൗനം തീർത്തും വേദന തന്നെ. അന്ന് തൊട്ട് ഇന്ന് വരെ തന്നോട് ഉരിയാടാതെ നടന്നവരാണാ കുടുംബത്തിലെ ഭൂരിഭാഗവും. ഇതുപോലൊരിറങ്ങിപ്പോക്ക് അന്നും തീരുമാനിച്ചതാണ്. പക്ഷെ, വയറ്റില് വളർന്ന് പൊന്തിയ ഭ്രൂണം തന്നെ അവിടെത്തന്നെ പിടിച്ചുവെച്ചു . പിന്നീടുള്ള ഒരു വർഷക്കാലം. അതായിരുന്നു തന്റെ ഭർത്താവ് തന്നെ പ്രണയിച്ച , സ്നേഹിച്ച അവസാനത്തെ കാലാവധി. കുഞ്ഞ് വന്നതിൽ പിന്നെയയാൾ എന്നിലേക്കുള്ള സ്നേഹത്തിന്റെ പാത മകനിലേക്ക് തിരിച്ചു. ആത്മാവ് ധ്രവിക്കാത്ത മൺശരീരമായി ഞാൻ വീണ്ടും അവശേഷിച്ചു...!!⁣⁣ ⁣⁣ അഞ്ച് വർഷത്തെ പ്രസവലീവിന് ശേഷം മകനെ പ്ലേസ്കൂളിലേക്ക് അയച്ച് തന്റെ ജോലിയാത്ര തുടർന്നപ്പോളും ആരും ഒന്നും ഗൗനിച്ചില്ല. തന്റെ പ്രവർത്തികളിങ്ങനെയായിരിക്കുമെന്നവരും നേരത്തെ ഊഹിച്ചുകാണും. അതിനിടക്ക് ജോലിയിൽ പ്രമോഷനും വീടുമാറലും എല്ലാം നടന്നു. വയസ്സ് കൂടുന്തോറും മകൻ അവന്റെ അച്ഛന്റെ ജനിതകഗുണം പ്രകടമാക്കി തുടങ്ങി. അമ്മയുടെ ജോലി, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, എല്ലാത്തിനോടും അവന് പുച്ഛമായിരുന്നു. പക്ഷെ, അമ്മ കൊടുക്കാറുള്ള ' പോക്കറ്റ് മണി ' മാത്രം അവൻ മുടക്കം വരുത്താതെ ഉപയോഗിച്ച് കൊണ്ടിരുന്നു.⁣⁣ ⁣⁣ കഴിഞ്ഞ മാസമായിരുന്നു അവന്റെ വിവാഹം. അവന്റെ കാര്യങ്ങളിൽ ശ്രദ്ധചെലുത്താനും വേവലാതി പ്രകടിപ്പിക്കാനും ഇപ്പോഴൊരാളായി. ഗുണമേതുമില്ലെങ്കിലും ഇത്രയും കാലം താനായിരുന്നു ആ കടമ നിർവഹിച്ചത്. ഇപ്പോൾ ഞാൻ തീർത്തും ഒറ്റയാണ്. തന്നോട് കൂട്ടിയെഴുതാൻ ഒരു മനുഷ്യൻ പോലും , ഒരിറ്റ് സ്നേഹം പോലും അവശേഷിക്കുന്നില്ല. ഗ്രാമത്തില് നോക്കി വെച്ച വീട് കഴിഞ്ഞയാഴ്ച സ്വന്തം പേരിലാക്കി. ആദ്യം തറവാട്ടിലേക്ക് കൂട് മാറാനാണ് നിശ്ചയിച്ചത്. പക്ഷെ, സ്ത്രീത്വത്തങ്ങളെയടിച്ചമർത്തിയ ആ ചുമരുകൾക്കിടയിൽ ഇനിയുള്ള സ്വയ്ര്യജീവിതം നയിക്കുക എന്നത് വിഷമകരമാണ്. പഴയ ഓർമകളുടെ നിഴല് പോലുമേൽക്കാത്ത വിധം എനിക്ക് മാറണം. തികച്ചും പുതിയൊരു ജീവിതം.⁣⁣ ⁣⁣ സാധനങ്ങളെല്ലാം ഓരോ ബാഗുകളിൽ ഉറങ്ങിക്കിടക്കുന്നു. ഇറങ്ങാനുള്ള നേരമായി. യാത്ര ചോദിക്കാൻ ഒരു ആത്മാവും ഇപ്പോഴിവിടെയില്ല. ഡൈനിങ്ഹാളിലെ ടേബിളിൽ തന്റെ കൈമുദ്ര പതിപ്പിച്ച 'ഡിവോഴ്സ് നോട്ടിസും ' കൂടെ പോകുന്നു എന്നെഴുതിയൊരു കുറിപ്പും വെച്ച് , വീട് പൂട്ടി , താക്കോലൊളിപ്പിക്കാറുള്ള ചെടിച്ചട്ടിയിലേക്കതിനെ നിക്ഷേപിച്ച് ഇറങ്ങി നടന്നു. ഒരു കൂട്ടം സ്വപ്നങ്ങള് നിറഞ്ഞ ബാഗുകളുമായി ആ വീടിന്റെ പടിയിറങ്ങിയപ്പോൾ വിലങ്ങുകൾ പൊട്ടിച്ച് പുറത്തുവന്ന എന്റെയുള്ളിലെ പക്ഷി സമാധാനത്തിന്റെ ആകാശത്തിലേക്ക് സ്വാതന്ത്രത്തിന്റെ ചിറകുകൾ വീശി പറന്നുയർന്നു....⁣ ⁣ ⁣ ⁣ ⁣ ✎ Ramsiya CK⁣ 1st Year M.com Finance⁣ Majlis Arts & Science College, Puramannur

latest News