logo
AD
AD

കസ്റ്റമര്‍ കെയറെന്ന വ്യാജേന സൈബര്‍ തട്ടിപ്പ്; 10 ലക്ഷം തട്ടിയെടുത്ത പ്രതിയെ ജാർഖണ്ഡിൽ നിന്ന് പിടികൂടി

റാഞ്ചി : കരുനാഗപള്ളി സ്വദേശിനിയുടെ പത്ത് ലക്ഷത്തിലധികം രൂപ സൈബർ തട്ടിപ്പിലൂടെ കവര്‍ന്നെന്ന പരാതിയിൽ സൈബർ തട്ടിപ്പ് നടത്തിയ പ്രതിയെ ജാർഖണ്ഡിലെത്തി പിടികൂടി കരുനാഗപ്പള്ളി പോലീസ്. ജാര്‍ഖണ്ഡ് കര്‍മ്മതാര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയാണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ജാര്‍ഖണ്ഡിൽ എത്തി 13 ദിവസം നീണ്ട തിരച്ചിലിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനിയാണ് പരാതി നൽകിയത്. ഓണ്‍ലൈന്‍ പെയ്മെന്റിലെ പ്രശ്നം പരിഹരിക്കാൻ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതായിരുന്നു തട്ടിപ്പിലേക്ക് കൊണ്ടെത്തിച്ചത്. കിട്ടിയ നമ്പർ ആകട്ടെ സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്പർ ആയിരുന്നു. അക്കൗണ്ട് വിവരങ്ങൾ കൈമാറിയതോടെ പത്തെമുക്കാൽ ലക്ഷം നഷ്ടമായി. കരുനാഗപ്പള്ളി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ജാർഖണ്ഡിലേക്ക് എത്തി. ജാമ്താരാ ജില്ലയിലെ കര്‍മ്മതാലിൽ നിന്ന് തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരിയെ പിടികൂടുകയായിരുന്നു.

പ്രതിയെ നാട്ടിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിന് വെബ്സൈറ്റ് നിർമ്മിച്ചു നല്‍കിയ റാഞ്ചി സ്വദേശി ഉൾപ്പടെ സംഘത്തിലെ 15 പേരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. കരുനാഗപ്പള്ളി എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിൽ ആറംഗ സംഘമാണ് പ്രതിയെ പിടികൂടിയത്.ജാർഖണ്ഡ് പോലീസിന്റെ സഹായമില്ലാതെയാണ് സംഘം അത്തർ അൻസാരിയെ വലയിലാക്കിയത്. തട്ടിപ്പിന് പിന്നിലെ മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

latest News