logo
AD
AD

ഗായത്രി (കണ്ണനികടവ്) പാലം ഉദ്ഘാടനം ചെയ്തു

നെന്മാറ നിയോജകമണ്ഡലത്തിൽ ഗായത്രി (കണ്ണനികടവ്) പാലത്തിൻ്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കൊല്ലങ്കോട് കുനിശ്ശേരി റോഡിൽ ഗായത്രി പുഴക്ക് കുറുകെ 4.77 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പാലത്തിൽ ഓപ്പൺ ഫൗണ്ടേഷനും, സബ് സ്ട്രക്ടചറുമായി ഏകീകരിച്ച ആർ.സി.സി ഗർഡറുകളും സ്ലാബും ഉൾപ്പെടുത്തിയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൂർത്തീകരിച്ചിട്ടുള്ളത്.

20 മീറ്ററുള്ള മൂന്ന് സ്പാനോടുകൂടി ആകെ 62.8 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. കൂടാതെ പാലത്തിൽ രണ്ടുവരി ഗതാഗതത്തിനായി 7.50 മീറ്റർ കാര്യേജ് വേയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമാണ് നൽകിയിട്ടുള്ളത്. പാലത്തിൻറെ ഉപരിതലം മാസ്റ്റിക് അസ്ഫാൾട്ട് ആന്റ് ബി.സി ഉപയോഗിച്ചും, അപ്രോച്ച് റോഡിന്റെ ഉപരിതലം ഡി.ബി.എം ആന്റ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ചുമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ലൈൻ മാർക്കിങ് , റോഡ് ഫർണിചർ പ്രവൃത്തികൾ, ക്രാഷ് ബാരിയർ, കട്ട് പാരപെറ്റ്, മുന്നറിയിപ്പ് ബോർഡുകൾ, പെയിൻ്റിങ് എന്നിവയും നൽകിയിട്ടുണ്ട്.

കണ്ണനികടവ് പാലത്തിന്റെ സമീപത്ത് നടന്ന പരിപാടിയിൽ കെ. ബാബു എം.എൽ.എ അധ്യക്ഷനായി. പാലക്കാട് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.ആർ ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിയിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാ രവീന്ദ്രൻ, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് ആർ അംബിക, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ആർ. കണ്ണദാസ്, സി. രജീഷ്, എ. രാജാമണി, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. പ്രശാന്ത്, കെ. നിഷ, പല്ലശ്ശന ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം രമ്യ, പാലക്കാട് പാലങ്ങൾ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എ. അനുരാഗ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

latest News