നിയമസഭാ തെരഞ്ഞെടുപ്പ്: 4.25 കോടി രൂപയുടെ പണവും മറ്റ് വസ്തുക്കളും പിടിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ പൊലിസ്, എക്‌സൈസ്, ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ടാക്സ് (സി.ജി.എസ്.ടി), ഡി.ആര്‍.ഐ, ഫ്ളയിംഗ് സ്‌ക്വാഡ്, എസ്.എസ്.ടി എന്നിവ നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടികൂടിയത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണ്. പണം, മദ്യം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പൊലിസ് പരിശോധനയില്‍ 60.42 ലക്ഷം രൂപ, 30 ലിറ്റര്‍ മദ്യം, കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, മെത്താഫിറ്റാമിന്‍, ഹാന്‍സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള 4098.46 ഗ്രാം മയക്കുമരുന്ന്, 4383 ഹാന്‍സ് പായ്ക്കറ്റ്, 30 ഐ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങളുടെ 15 ബോക്സുകള്‍, ഇലക്ട്രോണിക് അല്ലാത്ത 40 ഡിറ്റണേറ്ററുകള്‍, 49 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 1 നാടന്‍ തോക്കുകള്‍, ആറ് വെടിയുണ്ടകള്‍ എന്നിവ പിടികൂടി. ആകെ 81.43172 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇന്‍കം ടാക്‌സ് ടീം 87.448 ലക്ഷം രൂപ പിടിച്ചെടുത്തു. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 62.694 ലക്ഷം രൂപയും 775.77 ലിറ്റര്‍ മദ്യവും കഞ്ചാവും എം.ഡി.എം.എയും മെത്താഫെറ്റമിനുമടക്കം 8952.053 ഗ്രാം മയക്കുമരുന്നും കണ്ടെത്തി. നാല് കഞ്ചാവ് ചെടിയും കണ്ടെത്തി നടപടിയെടുത്തു. ആകെ 78.65 ലക്ഷം രൂപയുടെ വസ്തുക്കളാണ് പിടിച്ചത്. സി.ജി.എസ്.ടി പരിശോധനയില്‍ 2 ഡ്രോണുകള്‍ പിടികൂടി. ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പരിശോധനയില്‍ 1.65 കോടി രൂപ വില വരുന്ന 36,74,000 സിഗരറ്റ് പിടികൂടി. എസ്എസ്.ടി നടത്തിയ പരിശോധനയില്‍ 8.45 ലക്ഷം രൂപയും പിടിച്ചെടുത്തു. ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി (ഡി.ജിസി)യുടെ തീരുമാനപ്രകാരം പിടിച്ചെടുത്ത 15.955 ലക്ഷം രൂപ വിട്ടുനല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്‌ക്വാഡുകളും പൊലീസും പിടിച്ചെടുക്കുന്ന പണം ഇലക്ഷനുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ പരിശോധിച്ച് ഉടമകള്‍ക്ക് തിരിച്ച് നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ ജില്ലാതല ഗ്രീവന്‍സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അബ്ദുല്‍ ലത്തീഫ്, ചെലവ് നോഡല്‍ ഓഫീസറായ ഫിനാന്‍സ് ഓഫീസര്‍ യു.വി പ്രസീദ, ജില്ലാ ട്രഷറി ഓഫീസര്‍ എം.കെ സ്മിജ എന്നിവരടങ്ങിയ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. 10 ലക്ഷം രൂപയില്‍ കൂടുതലുള്ള തുക വിട്ടു നല്‍കുന്നതിന് മുമ്പ് ആദായ നികുതി വകുപ്പിനെ വിവരമറിയിക്കും.
