കാപ്പചുമത്തി ജയിലിലടച്ചു
ഒറ്റപ്പാലം: കവർച്ചയും തട്ടിക്കൊണ്ടുപോകലുമുൾപ്പെടെ വിവിധ കേസുകളിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്തു. കണ്ണിയംപുറം ചാത്തൻപ്ലായ്ക്കൽ വിഷ്ണുവിനെയാണ് (സൽമാൻ-27) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ ആറുമാസത്തെ കരുതൽതടങ്കലിന് വിയ്യൂരിലെ ജയിലിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ശനിയാഴ്ചരാവിലെ എസ്.ഐ. എം. സുനിലിന്റെ നേതൃത്വത്തിൽ കണ്ണിയംപുറത്തെ വീട്ടിൽനിന്നാണ് യുവാവിനെ പിടികൂടിയത്. ജില്ലയിലേതുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുണ്ട്. നാലുലക്ഷംരൂപയും 17.5 പവൻ സ്വർണവും തട്ടിയെടുത്തതിന് പലക്കാട് നോർത്ത് സ്റ്റേഷനിലും ആളെ തട്ടിക്കൊണ്ടുപോയി 36 ലക്ഷം രൂപയുടെ സാമഗ്രികൾ കവർന്നതിന് ചങ്ങരംകുളത്തും കേസുണ്ട്.
ഇതിനുപുറമേ സ്‌ഫോടകവസ്തു എറിഞ്ഞ് വധശ്രമത്തിന് ബേക്കലിലും മാരകായുധം കൈവശംവെച്ചതിന് ഒറ്റപ്പാലത്തും ഇയാളുടെപേരിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.