കാപ്പ നിയമലംഘനം നടത്തി ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റിൽ
പെരിന്തല്‍മണ്ണ: കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ. നിരവധി ക്രിമിനല്‍ കേസുകളിലും ലഹരി വില്‍പന കേസുകളിലും പ്രതിയായ തേലക്കാട് സ്വദേശി നെച്ചിതൊടി വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീന്‍(38) ആണ് പെരിന്തല്‍മണ്ണയില്‍ വച്ച് പോലീസിന്‍റെ പിടിയിലായത്.
പ്രവേശന വിലക്ക് ലംഘിച്ച് മുഹമ്മദ് ഷിഹാബുദ്ദീന്‍ ജില്ലയിൽ പ്രവേശിച്ചതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി വൈ എസ്പി സാജു.കെ.എബ്രഹാമിന്‍റെ നേതൃത്വതില്‍ പെരിന്തല്‍മണ്ണ സി.ഐ.സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന സംഘമാണ് രഹസ്യമായി നിരീക്ഷിച്ച് പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് പ്രതിയെ പിടികൂടിയത്.
കാപ്പ നിയമ പ്രകാരം ഈ മാസം ഏഴിനാണ് മുഹമ്മദ് ഷിഹാബുദ്ദീനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയ ഉത്തരവ് നടപ്പിലാക്കിയത്. ഉത്തരവ് അനുസരിച്ച് ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.