logo
AD
AD

പതിമൂന്നാമത് ദേശീയ സരസ് മേള: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള കുടുംബശ്രീ മിഷന്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് ചാലിശ്ശേരിയൊരുങ്ങി. ജനുവരി രണ്ട് മുതല്‍ 11 വരെ ചാലിശ്ശേരി മുലയംപറമ്പ് മൈതാനത്തും സമീപത്തു ക്രമീകരിച്ചിട്ടുള്ള പ്രത്യേക വേദിയിലുമാണ് മേള നടക്കുന്നത്.⁣ ⁣ ദേശീയ സരസ് മേളയുടെ ഉദ്ഘാടന സമ്മേളനം ജനുവരി രണ്ടിന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിശിഷ്ടാതിഥിയാകും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, എം പിമാരായ അബ്ദുള്‍ സമദ് സമദാനി, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.⁣ ⁣ സരസ് മേളയുടെ വരവറിയിച്ച് ഉച്ചയ്ക്ക് രണ്ടിന് വിളംബര ഘോഷയാത്ര നടക്കും. വാദ്യഘോഷ അകമ്പടിയോടെ ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും. വിവിധ സി ഡി എസ് അംഗങ്ങളുടെ നാടന്‍ കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും.⁣ ⁣ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിലെ ഗ്രാമീണ സ്ത്രീ സംരംഭകരുടെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദേശീയ സരസ് മേളയ്ക്ക് പാലക്കാട് ജില്ലയിലെ തൃത്താല ആതിഥേയത്വം വഹിക്കുന്നത്. ചാലിശ്ശേരിയിൽ നടക്കുന്ന മേളയിൽ കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള 250 പ്രദര്‍ശന വിപണന സ്റ്റാളുകളില്‍ കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കും.⁣ ⁣ കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യം വിളമ്പുന്ന 30ലധികം സ്റ്റാളുകള്‍ അടങ്ങുന്ന മെഗാ ഇന്ത്യന്‍ ഫുഡ്കോര്‍ട്ട്, പ്രശസ്തമായ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സംഗീത നൃത്തനിശകള്‍ പ്രാദേശിക കലാകാരന്മാരുടേയും കലാകാരികളുടേയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന കലാവിഷ്‌ക്കാരങ്ങള്‍, തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരസന്ധ്യകള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, പുഷ്പമേള, ഹാപ്പിനെസ് കോര്‍ണര്‍ തുടങ്ങിയവയെല്ലാം മേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.⁣ ⁣ വിവിധ ദിവസങ്ങളിലെ സാംസ്‌കാരിക സമ്മേളനങ്ങളില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ഫിഷറീസ് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു, വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി രാജീവ്, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.⁣ ⁣ സമാപന സമ്മേളന ഉദ്ഘാടനം ജനുവരി 11 വൈകീട്ട് ആറിന്് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കെ രാധാകൃഷ്ണന്‍ എം പി, സിനിമാതാരം മഞ്ജു വാരിയര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലയിലെയും സമീപ ജില്ലയിലെയും എംഎല്‍എമാര്‍ വിവിധ ദിവസങ്ങളിലായി മേളയില്‍ പങ്കെടുക്കും.⁣ ⁣ സരസ് മേളയുടെ ഭാഗമായി മുലയംപറമ്പ് മൈതാനത്ത് ഒരുക്കിയിട്ടുള്ളത് അതിഗംഭീര സാംസ്‌കാരിക വിരുന്ന്. പ്രധാന വേദിയുള്‍പ്പെടെ മൂന്ന് വേദികളാണ് മേളയ്ക്ക് ഒരുക്കിയിട്ടുള്ളത്. മേളയ്ക്ക് മുന്നോടിയായി ജനുവരി ഒന്നിന് വൈകിട്ട് ആറിന് വയലിന്‍ മ്യൂസിക് ബാന്‍ഡ് ഷോയും, 7.30 ന് ഉറവ് - പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടും ഉണ്ടായിരിക്കും.⁣ ⁣ സരസ് മേളയുടെ ആദ്യ ദിനമായ ജനുവരി രണ്ടിന് രാത്രി ഏഴിന്് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശരത്, പ്രകാശ് ഉള്ളേരി എന്നിവര്‍ അവതരിപ്പിക്കുന്ന ത്രയ മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. ജനുവരി മൂന്നിന് രാത്രി ഏഴ് മണിക്ക് സിനിമാതാരം നവ്യ നായര്‍ അവതരിപ്പിക്കുന്ന സോളോ ഭരതനാട്യം കച്ചേരിയും ജനുവരി നാലിന് വൈകീട്ട് ഏഴിന് റിമി ടോമി അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉണ്ടായിരിക്കും.⁣ ⁣ ജനുവരി അഞ്ചിന് ഗായിക പുഷ്പാവതി അവതരിപ്പിക്കുന്ന ഗാനസന്ധ്യ, ജനുവരി ആറിന് ഡോ. ആര്‍എല്‍വി രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഗംഗ ശശിധരന്റെ വയലിന്‍ മ്യൂസിക്കും, ജനുവരി ഏഴിന് ഷഹബാസ് അമന്‍ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ, ജനുവരി എട്ടിന് ബിന്‍സിയും ഇമാമും അവതരിപ്പിക്കുന്ന സൂഫി മിസ്റ്റിക്ക് സംഗീതം, ജനുവരി ഒന്‍പതിന് സൂരജ് സന്തോഷ് അവതരിപ്പിക്കുന്ന ലൈവ് ഷോ, ജനുവരി പത്തിന് സ്റ്റീഫന്‍ ദേവസ്സി അവതരിപ്പിക്കുന്ന ബാന്‍ഡ് ലൈവ് എന്നിവയും ഉണ്ടായിരിക്കും. സമാപന ദിവസമായ ജനുവരി 11ന് ഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്ട മലബാറിക്കസ് മ്യൂസിക് ഷോയും നടക്കും. കൂടാതെ പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികളും എല്ലാ ദിവസവും ഉണ്ടാകും. തൃത്താലയിലെ കലാസാംസ്‌കാരിക രംഗത്ത് മികവ് പുലര്‍ത്തിയ 300ല്‍ പരം വ്യക്തികളെ മേളയില്‍ ആദരിക്കും.⁣ ⁣ സരസ് മേളയുടെ ഭാഗമായി 50 രൂപമാത്രം വിലവരുന്ന സമ്മാനക്കൂപ്പണിലൂടെ നിരവധി സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാര്‍, രണ്ടാം സമ്മാനമായി ബൈക്ക്. മൂന്നാം സമ്മാനമായി എല്‍.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവ ലഭിക്കും. ഇതു കൂടാതെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. സരസ് മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് നറുക്കെടുപ്പ്.

latest News