ആരോഗ്യം ആനന്ദം – `വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി
ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കായിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സ്വീകരണം നൽകി. ജില്ലാതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയുടെയും ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള സൈക്കിൾ റാലിയുടെയും ഫ്ലാഗ് ഓഫ് ചടങ്ങാണ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചത്.
ഡിസംബർ 26ന് കാസർകോട് നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥയ്ക്ക് ഞായർ രാവിലെ 6.30 ന് മലപ്പുറം കോട്ടക്കൽ വൈദ്യരത്നം പി.എസ് വാരിയർ ആയുർവേദ കോളേജിലാണ് സ്വീകരണം നൽകിയത്. ജില്ലാ കളക്ടർ വി.ആർ. വിനോദ് മുഖാതിഥിയായി. കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി മാറുന്നത് ആശങ്കാജനകമാണെന്നും അവ തടയുന്നതിന് അടിയന്തര നടപടികൾ അനിവാര്യമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഈ ക്യാംപയിൻ പൊതുസമൂഹത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷിബുലാൽ അധ്യക്ഷത വഹിച്ചു. മലപ്പുറം എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. വി.ഫിറോസ് ഖാൻ, ഡി.എം.ഒ (ഐ.എസ്.എം) ഇൻ ചാർജ് ഡോ. പി.എ അബ്ദുൽ സലാം, ഡി.എം.ഒ (ഹോമിയോ) ഡോ. ഹന്നാ യാസ്മിൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ.പ്രവീണ , കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ബിന്ദു, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ. അനൂപ്, ജില്ലാ മീഡിയ എഡ്യൂക്കേഷൻ ഓഫീസർ കെ.പി.സാദിഖലി എന്നിവർ സംസാരിച്ചു.
