കേരള ചിക്കൻ പദ്ധതി പാലക്കാട് ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു

സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ മിഷന്റെ കേരള ചിക്കൻപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ പദ്ധതി നടപ്പാക്കി. കോഴിവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് പാലക്കാട്ടും പദ്ധതി ആരംഭിച്ചത്. ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019-ൽ രൂപവത്കരിച്ച ബ്രോയിലേഴ്‌സ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മുഖേനയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ വഴി വിപണനം നടത്തും. പരിപാടിയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായി. മൃഗസംരക്ഷണം, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. എ. സജീവ് കുമാർ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ബി.എസ്. മനോജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ജയ, ഷറഫുദ്ദീൻ കളത്തിൽ, കെ. മുഹമ്മദ്, എ.വി. സന്ധ്യ, ടി. സുഹ്റ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.