logo
AD
AD

ഇന്ധന വില: കേരളം ഇത്തവണയും പ്രത്യേകമായി നികുതി കുറയ്ക്കില്ല, സംസ്ഥാനത്ത് ആനുപാതിക ഇളവ് മാത്രം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലക്കുള്ള നികുതി ഇത്തവണയും കുറച്ചേക്കില്ല. കേന്ദ്ര എക്‌സൈസ് തീരുവ കുറച്ചത്‌ മൂലം ആനുപാതികമായി കേരളത്തില്‍ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും. ഈ കുറവ് തന്നെ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

2021 നവംബറില്‍ കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ ഇളവുനല്‍കാതിരുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും ഇന്ധനനികുതി കുറച്ച് സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്വാസമേകണമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ അന്ന് നികുതി കുറച്ചിരുന്നില്ല. ആനുപാതികമായ കുറവ് മതിയെന്നായിരുന്നു അന്നും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര എക്‌സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയും കുറച്ചുകൊണ്ടാണ് ശനിയാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപനം നടത്തിയത്. ആനുപാതികമായി സംസ്ഥാന നികുതി വിഹിതവും കുറയുന്നതിനാല്‍ കേരളത്തില്‍ ഇന്നുമുതല്‍ പെട്രോളിന് 10.41 രൂപയും ഡീസലിന് 7.36 രൂപയുമാണ് കുറഞ്ഞിട്ടുള്ളത്.

കേന്ദ്രം നികുതി കുറച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചെന്ന് അവകാശപ്പെട്ടിരുന്നു. . എന്നാൽ, മന്ത്രി പറയുന്നത്‌ കേന്ദ്രം കുറച്ചതിന്‌ ആനുപാതികമായി ഉണ്ടാവുന്ന കുറവാണ്‌. സംസ്ഥാനനികുതിയിൽ പ്രത്യേകം കുറവുവരുത്തിയിട്ടില്ല. എക്‌സൈസ് തീരുവ ഉള്‍പ്പെടെയുള്ള വിലയിലാണ് സംസ്ഥാനം നികുതി ചുമത്തുന്നത്. എക്‌സൈസ് തീരുവ കുറയുമ്പോള്‍ അതനുസരിച്ച് സംസ്ഥാനത്തിന് നികുതിയിനത്തില്‍ കിട്ടുന്ന വിഹിതവും കുറയും. മുന്‍കാലങ്ങളില്‍ ചില അവസരങ്ങളില്‍ നികുതിവിഹിതം കുറയുമ്പോള്‍ സംസ്ഥാനം നിരക്കുയര്‍ത്തി അതേവരുമാനംതന്നെ നിലനിര്‍ത്താറുണ്ടായിരുന്നു. ഇത്തവണ അതൊഴിവാക്കിയിട്ടുണ്ട്. അതിനാല്‍ നികുതി കുറയ്ക്കുന്നു എന്നാണ് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത്.

Latest News

latest News