logo
AD
AD

കൂറ്റനാട് നേർച്ച ദിനത്തിൽ ഇനി ആനകളും വാദ്യമേളങ്ങളും ഇല്ല; ആത്മീയ പരിപാടികൾ മാത്രം

പാലക്കാട് ജില്ലയിലെ പ്രസിദ്ധമായ കൂറ്റനാട് ശുഹദാ മഖാം നേർച്ച ഫെബ്രുവരി 5, 6, 7 തീയതികളിൽ നടക്കും. ശുഹദാ മഖാം നേർച്ച നടക്കുന്ന ദിവസം മഖാമിലും പള്ളിയിലും പരിസരത്തും ആത്മീയ പരിപാടികൾ മാത്രമായിരിക്കും നടക്കുക. ⁣ വർഷങ്ങളായി നേർച്ചയോടൊപ്പം കൂറ്റനാട് പരിസരങ്ങളിൽ ദേശോത്സവം കമ്മിറ്റിയുടെ കീഴിൽ ആനയും അകമ്പടിയും വാദ്യമേളങ്ങളും അടങ്ങിയ ഉത്സവവും നടക്കാറുണ്ട്. ഇനി നടക്കാനിരിക്കുന്ന നേർച്ചകളിൽ ആത്മീയ പരിപാടികൾ വിപുലമായി നടത്താനാണ് തീരുമാനം. വാദ്യ മേളങ്ങളും, ആനയും അകമ്പടിയും, ഡിജെ പരിപാടികളും ഇസ്ലാമിക സംസ്കാരവുമായി യോജിച്ചു പോകാത്തതാണെന്ന വിമർശനം വിവിധ ഇസ്ലാമിക സംഘടനകളും പണ്ഡിതരും വിശ്വാസികളും കാലങ്ങളായി ഉന്നയിക്കാറുണ്ടായിരുന്നു. ⁣ ⁣ ⁣ കഴിഞ്ഞവർഷം ദേശോത്സവത്തിന്റെ ഭാഗമായി കൊണ്ടുവന്ന ആന ഇടയുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും കൂറ്റനാട് ശുഹദാ മഖാം നേർച്ചയ്ക്കെതിരെയും ഭാരവാഹികൾക്കെതിരെയും രൂക്ഷ വിമർശനം വിശ്വാസി സമൂഹം ഉന്നയിച്ചിരുന്നു. ഇത്തരം പല സാഹചര്യങ്ങൾ കണക്കിലെടുത്താണ് അനിസ്ലാമിക പരിപാടികൾ അന്നേ ദിവസം മാറ്റിനിർത്തിയിട്ടുള്ളത്. ⁣ ⁣ ⁣ എന്നാൽ കൂറ്റനാട് ദേശോത്സവവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിലാണ് ആനകളും വാദ്യമേളങ്ങളും നടക്കാറുള്ളതെന്നും ഇത്തരം പരിപാടികളുമായി കൂറ്റനാട് ശുഹദാ മഖാം നേർച്ച കമ്മിറ്റിക്ക് യാതൊരുവിധ ബന്ധവുമില്ലന്നും, ദേശോത്സവവും നേർച്ചയും ഒരേ ദിവസം നടക്കുന്നതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ നേരിട്ടതെന്നാണ് മഖാം ഭാരവാഹികളുടെ പക്ഷം. ⁣ ⁣ അതേസമയം കൂറ്റനാട് ദേശോത്സവം പതിവുപോലെ മറ്റൊരു ദിവസം അതിവിപുലമായി സംഘടിപ്പിക്കുമെന്ന് കൂറ്റനാട് കേന്ദ്ര ദേശോത്സവം കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.

Latest News

latest News