സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്
മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം, എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം എന്നീ വാർഡുകളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുന്നത്. 24വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 26ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 29 ആണ്. ജനുവരി 13 ന് രാവിലെ 10 മുതലാണ് വോട്ടെണ്ണൽ.
വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാർഥിയായിരുന്നവർ വീണ്ടും നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതില്ല. പുതുതായി പത്രിക സമർപ്പിക്കാൻ താൽപര്യമുള്ളവർക്ക് 24 വരെ സമർപ്പിക്കാം. എന്നാൽ വോട്ടെടുപ്പ് റദ്ദാക്കുന്നതിന് മുമ്പ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുള്ളവരുടെ സ്ഥാനാർഥിത്വം നിലനിൽക്കില്ല. അവർ വീണ്ടും മത്സരിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ പുതുതായി നാമനിർദേശം ചെയ്യാവുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
മൂത്തേടം, പാമ്പാക്കുട പഞ്ചായത്തുകളിൽ പൂർണമായും വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റ ചട്ടം നിലനിൽക്കും.
