മേരാ യുവഭാരത്; പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് മേരാ യുവഭാരത് സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാമ്പ് സബ് കളക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വികസന പ്രക്രിയകളില്‍ ചാലകശക്തിയായി മാറുന്നതിന് യുവജനങ്ങളിലെ നേതൃത്വഗുണം പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യുവജന നേതൃത്വ പരിശീലന ക്യാമ്പുകള്‍ ഇതിന് ഗുണപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ നേതൃത്വഗുണം, വ്യക്തിത്വ വികസനം, ആശയവിനിമയം, സാമ്പത്തിക സാക്ഷരത, സംരംഭകത്വം എന്നി വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകളെടുക്കും. യുവജന പാര്‍ലിമെന്റ്, സന്നദ്ധ സേവനം, കര്‍മ്മ പദ്ധതി രൂപീകരണം സാഹസിക യാത്ര, യോഗ, ധ്യാനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ജില്ലയിലെ 35 യുവതീ യുവാക്കളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് 21ന് സമാപിക്കും.
യുവക്ഷേത്ര ട്രെയിനിങ് സെന്ററില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ യൂത്ത് ഓഫീസര്‍ സി ബിന്‍സി അധ്യക്ഷയായി, ഹാര്‍ട്ട് ഫുള്‍നെസ്സ് ഫൗണ്ടേഷനിലെ രവികുമാര്‍, മേര യുവ ഭാരത് റിട്ട. അക്കൗണ്ട് പ്രോഗ്രാം അസിസ്റ്റന്റ് എന്‍ കര്‍പ്പകം, സേവക് മാനേജര്‍ എം സജിന, സുജിത്ത് എഡ്‍വിന്‍ പെരെര എന്നിവര്‍ പങ്കെടുത്തു.
