logo
AD
AD

കുറ്റിപ്പുറത്ത് ലഹരി ഉപയോഗ കേന്ദ്രം കണ്ടെത്തി പോലീസ്; യുവാവ് പിടിയിൽ

കുറ്റിപ്പുറം തങ്ങൾപടി വാസുപടിയിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന രഹസ്യ ലഹരി ഉപയോഗ-വിൽപ്പന കേന്ദ്രം പോലീസ് പിടികൂടി. സംഭവത്തിൽ തിരുനാവായ സ്വദേശി മുഹമ്മദ് ദിൽഷാദ് (23) നെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ വശീകരിച്ച് ലഹരി ഉപയോഗത്തിനായി സജ്ജമാക്കിയ ഈ കേന്ദ്രം ഒരു അപകടത്തെത്തുടർന്നുണ്ടായ അന്വേഷണത്തിനൊടുവിലാണ് പുറത്തുകൊണ്ടുവന്നത്.⁣ ⁣ വെള്ളിയാഴ്ച വാസുപടിയിൽ നടന്ന ഒരു അപകടസ്ഥലത്തു നിന്നും അമിതവേഗതയിൽ ബൈക്ക് ഓടിച്ചുപോയ ദിൽഷാദിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കുറ്റിപ്പുറം എസ്.ഐ. ശ്രീനിവാസന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി കേന്ദ്രത്തിന്റെ വിവരങ്ങൾ ലഭിച്ചത്. പോലീസിനെ കണ്ടതോടെ അവിടെയുണ്ടായിരുന്ന മറ്റ് യുവാക്കൾ ഓടി രക്ഷപ്പെട്ടു. വീടിനുള്ളിൽ ലഹരി ഉപയോഗത്തിനായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.⁣ ⁣ "സ്വർഗ്ഗമാണ് ഇവിടെ" എന്നെഴുതിയ വാചകങ്ങളും ചാർലി, ബെർലിൻ, ടോക്സിക്, റൂഹിന് വിട, ചുവന്ന കണ്ണ് തുടങ്ങിയ കോഡ് ഭാഷകളും ചുമരുകളിൽ കണ്ടെത്തി. ഭീകരമായ ഒട്ടേറെ ചിത്രങ്ങളും ചുമരുകളിൽ വരച്ചുചേർത്തിട്ടുണ്ട്. പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 585 ഗ്രാം കഞ്ചാവും പുകവലിക്കാനുപയോഗിക്കുന്ന മൂന്ന് ഫർണസുകളും പോലീസ് കണ്ടെടുത്തു. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ വീട് വാടകയ്ക്കെടുത്ത് ലഹരി സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഈ കേന്ദ്രത്തിൽ സ്ഥിരമായി വിദ്യാർത്ഥികൾ വരാറുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.⁣ ⁣ കുറ്റിപ്പുറം സി.ഐ. എം. മണികണ്ഠന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. എസ്.ഐ. ശ്രീനിവാസൻ എസ്.കെ., എ.എസ്.ഐ. അമ്പിളി, ശ്യാം, ലിബിൻ, ഷെറിൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

latest News