logo
AD
AD

കുട്ടികളിലെ ആത്മഹത്യ പ്രവണത തടയാൻ കർമപദ്ധതിയുമായി പാലക്കാട് ജില്ലാ ഭരണകൂടം

പാലക്കാട്: കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതിനും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി. കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള അഭിപ്രായശേഖരണവും നടത്തി. വിദ്യാര്‍ഥികള്‍ക്കും പരിശീലനം ആവശ്യമാണ്; ഇതിനായി വിദ്യാര്‍ഥികളില്‍ നിന്നുതന്നെ വൊളന്റിയര്‍മാരെയും ട്രെയിനര്‍മാരെയും കണ്ടെത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍, നിലവിലുള്ള കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേരെ ജില്ലയിലെ സ്‌കൂളുകളില്‍ നിയോഗിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി അറിയിച്ചു. കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി സ്‌കൂളുകളില്‍ പ്രത്യേക ഇടം ഒരുക്കുക, വിദ്യാര്‍ഥികളുടെ രഹസ്യാത്മകത സംരക്ഷിക്കുക, പരമാവധി ജനവിഭാഗത്തെ ഉള്‍പ്പെടുത്തി മാസ് ക്യാമ്പയിന്‍ നടത്തുക, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിക്കുക, കോളജ് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുന്ന പ്രൊപോസല്‍ ബാലാവകാശ കമ്മീഷന്‍ അംഗമായ കെ.കെ ഷാജു അവതരിപ്പിച്ചു.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ബാലവകാശ കമ്മീഷന്‍ അംഗങ്ങളായ പി ഷാജേഷ് ഭാസ്‌കര്‍, കെ.കെ ഷാജു, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സേതുമാധവന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, വനിതാ ശിശു വികസനം, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

latest News