തിരൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി ജനമൈത്രി പോലീസ്
തിരൂർ: വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിത യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുമായി തിരൂർ ജനമൈത്രി പോലീസും നിയമ വിദ്യാർത്ഥികളും സംയുക്തമായി ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തിരൂർ ടൗൺ, തലക്കടത്തൂർ, പോലീസ് ലൈൻ എന്നിവിടങ്ങളിലാണ് പ്രധാനമായും ബോധവൽക്കരണം നടന്നത്.
ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ശരിയായ രീതിയിൽ ധരിക്കേണ്ടതിന്റെയും, കാർ യാത്രക്കാർ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കേണ്ടതിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച് ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉപയോഗിച്ച യാത്രക്കാർക്ക് മിഠായി വിതരണം ചെയ്ത് പോലീസ് അഭിനന്ദനം അറിയിച്ചു. കൂടാതെ, ഓട്ടോറിക്ഷ ഡ്രൈവർമാർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ചും സംഘം ക്ലാസുകൾ നൽകി.
തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിപാടിക്ക് നേതൃത്വം നൽകി. പോലീസ് ഉദ്യോഗസ്ഥൻ ജോബിഷിനൊപ്പം നിയമ വിദ്യാർത്ഥികളായ നാഫിദ കെ., നിദ ഫർവീൻ എം.പി., സ്വാലിഹ് ബഷീർ എം., ഹംന ഷഹാദ് പി.ടി., അൻഷിഫ് പി., അർച്ചന കെ.എസ്., രുദ്ര ദിനേശ് കെ., ഹിദ ഹസ്‌ലി എം. എന്നിവരും ബോധവൽക്കരണത്തിൽ സജീവമായി പങ്കെടുത്തു.
