logo
AD
AD

ആനിമേഷന്‍, പ്രോഗ്രാമിങ് രംഗത്തെ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്തി ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ്

വിവരസാങ്കേതിക രംഗത്തെ പുത്തന്‍ പ്രവണതകള്‍ മനസ്സിലാക്കാനും പുതിയ കാലത്തെ ജീവിത പരിസരങ്ങളില്‍ അവ ഉപയോഗപ്പെടുത്താനുമുള്ള അറിവും ശേഷിയും വിനിമയം ചെയ്യപ്പെടുന്ന രണ്ടു ദിവസത്തെ ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പ് തുവ്വൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 17 ഉപജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 106 കുട്ടികളാണ് ജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്.⁣ ⁣ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആയ ബ്ലെന്റര്‍ ഉപയോഗപ്പെടുത്തിയുള്ള ത്രിമാന ആനിമേഷന്‍ നിര്‍മാണം, നിര്‍മിതബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും (ഐ.ഒ.ടി) ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയുള്ള പ്രോഗ്രാമിങും ഐ.ഒ.ടി ഉപകരണനിര്‍മാണവും ആണ് ഈ വര്‍ഷത്തെ ജില്ലാ ക്യാമ്പിലെ പ്രത്യേകതകള്‍.⁣ ⁣ ക്യാമ്പില്‍ കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി ആമുഖ പ്രഭാഷണം നടത്തി. വിവിധ ജില്ലകളിലെ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. തുവ്വൂര്‍ ജി.എച്ച്.എസ്.എസിലെ പി.ടി.എ പ്രസിഡന്റ് പി അബ്ദുള്‍ മജീദ്, വൈസ് പ്രിന്‍സിപ്പല്‍ കെ.വി ഷൗക്കത്തലി, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ ടി.കെ അബ്ദുള്‍ റഷീദ്, മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ വി.വി മഹേഷ്, വി പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.⁣ ⁣ ആനിമേഷന്‍, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി നാല് ബാച്ചുകളായി തിരിച്ചാണ് ക്ലാസുകളും വിഭവ നിര്‍മാണവും നടക്കുന്നത്. കൈറ്റ് മാസ്റ്റര്‍ ട്രെയ്‌നര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. രണ്ടു ദിവസത്തെ ക്യാമ്പ് നാളെ വൈകുന്നേരം സമാപിക്കും.

latest News