logo
AD
AD

മലപ്പുറം ജില്ലയിലെ തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കാന്‍ നടപടികളാവുന്നു

തരിശുഭൂമികളില്ലാത്ത മലപ്പുറത്തിനായി പദ്ധതിയൊരുങ്ങുന്നു. ജില്ലയിലെ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കാന്‍ ജില്ലാഭരണകുടവും കൃഷിവകുപ്പുമാണ് പദ്ധതികളൊരുക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകനയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ തരിശുഭൂമികള്‍ കണ്ടെത്തി കൃഷി ആരംഭിക്കുകയാണ് പദ്ധതിയിലുടെ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കൃഷി യോഗ്യമായ കൃഷി ചെയ്യാത്ത സ്ഥലത്തിന്റെ വിവരം കൃഷി ഓഫീസര്‍മാര്‍ ഒരാഴ്ചക്കകം സമര്‍പ്പിക്കും. തുടര്‍ന്ന് കൃഷി ചെയ്യാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ഭൂഉടമകള്‍ അതിന് തയ്യാറല്ലെങ്കില്‍ ഭൂമി ഏറ്റെടുത്ത് കൃഷി വകുപ്പ് മുഖാന്തരം പഞ്ചായത്ത് തലങ്ങളില്‍ കുടുംബശ്രീപ്രവര്‍ത്തകര്‍, പാടശേഖര സമിതികള്‍, യൂത്ത് ക്ലബുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് നല്‍കുകയും ചെയ്യും.

ഇതിലൂടെ പച്ചക്കറി കൃഷി, നെല്‍കൃഷി എന്നിവ ചെയ്യുന്നതിനായി പ്രവര്‍ത്തനങ്ങള്‍ നടത്തും. വരുമാനത്തില്‍ ചെറിയൊരു പങ്ക് ഭൂഉടമകള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. അടുത്ത ഓണത്തിന് ജില്ലയിലെ പ്രാദേശിക പച്ചക്കറി ലഭ്യത ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കൃഷി വകുപ്പിനോടും സപ്ലൈകോയുമായി ബന്ധപ്പെട്ട് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പിനോടും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

latest News