മലപ്പുറം ജില്ലാ മൃഗക്ഷേമ അവാർഡ് മുജീബ് കാതായിക്ക്; പുരസ്കാരം സമ്മാനിച്ചു
മലപ്പുറം: മൃഗസംരക്ഷണ വകുപ്പിന്റെ 2025-26 വർഷത്തെ ജില്ലാതല മൃഗക്ഷേമ അവാർഡ് വിതരണം ചെയ്തു. പാണ്ടിക്കാട് പഞ്ചായത്തിലെ മൃഗക്ഷേമ പ്രവർത്തകൻ മുജീബ് കാതായിയാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സഖറിയ സാദിഖ് മധുരക്കറിയൻ അവാർഡ് ജേതാവിന് പുരസ്കാരം സമ്മാനിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മൃഗക്ഷേമ ബോധവൽക്കരണ സെമിനാറിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്. 10,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് പുരസ്കാരമായി നൽകിയത്. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. ഷൗക്കത്തലി വടക്കുംപാടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ഷാജി, വാർഡ് കൗൺസിലർ എം.പി. സബ്‌ന, എൽ.എം.ടി.സി ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. യു. സലിൽ, നിലമ്പൂർ എ.പി.ഒ ഡോ. എം.ജി. ബിന്ദു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന സെമിനാറിൽ മൃഗക്ഷേമ നിയമങ്ങളെക്കുറിച്ച് വെറ്ററിനറി സർജന്മാരായ ഡോ. കെ.എൻ. നൗഷാദലി (ഊർങ്ങാട്ടിരി), ഡോ. പി.ടി. വസീം മിർസാബ് (ഊരകം), ഡോ. ആഷിൻ മൈക്കിൾ (കോഡൂർ) എന്നിവർ വിഷയാവതരണം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൃഗസ്നേഹികൾ, പെറ്റ് ഷോപ്പ് ഉടമകൾ, വകുപ്പ് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. നീന ആൻസി സഖറിയ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
