ജില്ലാ വികസന പദ്ധതി പരിഷ്‌കരണം: വികസന സെമിനാർ സംഘടിപ്പിച്ചു
പാലക്കാട്: പാലക്കാട് ജില്ലയുടെ വികസന പദ്ധതികൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് പദ്ധതി വിപുലപ്പെടുത്തുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി.പി സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2018-ൽ തയ്യാറാക്കിയ ജില്ലാ പദ്ധതികൾ കാലാനുസൃതമായി പരിഷ്‌കരിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളിലൂടെ ജില്ലാ ആസൂത്രണ സമിതി രൂപം നൽകിയ കരട് പദ്ധതി, വികസന സെമിനാറിലെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി സമ്പുഷ്ടമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ആമുഖ അവതരണം നടത്തി. സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് ജെ. ജോസഫൈൻ ഓൺലൈനായി ജില്ലാ പദ്ധതി സമീപന രേഖ അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജില്ലാ ഫെസിലിറ്റേറ്റർ കെ. ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ എം. ദ്വര എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത, സെക്രട്ടറി രാമൻകുട്ടി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വകുപ്പ് അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.
