മറവിയെടുക്കാത്ത അത്താണികൾ | കഥ | ഇടം from Nila24Live
പഴയ പുസ്തകങ്ങൾ ഒതുക്കി വെക്കുന്നതിനിടയിലാണ് അമ്മമ്മയുടെ മുറിയിൽ നിന്ന് ആ ഡയറി കിട്ടുന്നത്. ഓർമ മങ്ങുന്നതിനെക്കുറിച്ച് ആദിയോടെ അമ്മമ്മ എഴുതിയ വരികളിൽ മനസ്സും കണ്ണും ഉടക്കി. ഒരു മനുഷ്യൻ സ്വന്തം പേര് മറന്നുപോകുന്ന - സ്വത്വം മറന്നു പോകുന്ന ആ ഭീകരമായ അവസ്ഥയെ അമ്മമ്മ എത്രത്തോളം പേടിച്ചിരുന്നുവെന്നും, ഇപ്പോൾ ആ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഉള്ളിലെന്താകുമെന്നതും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി മനസ്സിൽ കുടുങ്ങിക്കിടന്നു. ഡയറി അടച്ചുവെച്ച് മുറിയിൽ നിന്നിറങ്ങി ,പതിയെ എന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു. ഇന്ന് പതിവിലും നേരത്തെ കിടന്നുവെങ്കിലും ഇടയ്ക്കുവെച്ച് കരന്റു പോയി പാതിമയക്കത്തിൽ ഞെട്ടിയുണർന്നു. ഫാനിന്റെ താരാട്ടില്ലാതെ, ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് പുറത്തെ ഇരുട്ടിനേയും മൂകതയെയും മുറിച്ചുകൊണ്ട് അമ്മമ്മയുടെ 'ദേവൂട്ടീ ...' എന്ന നീട്ടിയുള്ള വിളി കേൾക്കുന്നത്. സമയം രണ്ടു മണി ! എന്റെ അമ്മയോട് - അമ്മമ്മയുടെ മകൾ ദേവൂട്ടിയോട് ഈ നേരത്ത് എന്താണാവോ അമ്മമ്മയ്ക്ക് പറയാനുള്ളത്. ഇപ്പോൾ കുറച്ചു കാലമായി അമ്മമ്മ ഇങ്ങനെയാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ ദേവൂട്ടിയെ വിളിച്ചു കൊണ്ടിരിക്കും. ഒരേ കാര്യം തന്നെ ആവർത്തിച്ചു ചോദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അമ്മമ്മയുടെ ഓർമ്മ മങ്ങി തുടങ്ങുന്നുണ്ട് എന്ന് തിരിച്ചറിയുന്നത്. അറുപതു കഴിഞ്ഞാൽ ഇതൊക്കെ സാധാരണമാണ് ,തലച്ചോറ് ചുരുങ്ങുന്നതാണ് , ചികിത്സ കൊണ്ട് കാര്യമില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും എൺപതുകളിൽ എത്തിയിട്ടും സ്വന്തം കാര്യങ്ങൾ നോക്കി അമ്മമ്മ ഓടിനടന്നിരുന്നു. പ്രഷർ കൂടപ്പിറപ്പായതുകൊണ്ടു ഇതിനുമുമ്പും എത്രയോ തവണ വീണുവെങ്കിലും ഇത്തവണ അമ്മമ്മയുടെ കാര്യം കുറച്ച് സീരിയസായി. അങ്ങനെയാണ് പൂർണമായും കിടപ്പിലായത്. ചില രാത്രികളിൽ തീരെ ഉറങ്ങാതെ വിളിച്ചു കൊണ്ടിരിക്കും.അങ്ങനെ ഉറക്കം വരാതെ കിടക്കുമ്പോൾ പഴയ ഓരോ കാര്യങ്ങൾ ഓർമ്മിച്ചെടുക്കുകയും കൂടെ പണിയെടുത്തിരുന്നവരെയോ, അമ്മമ്മയുടെ ഉറ്റ സുഹൃത്തായ അമ്മിണി അമ്മയെയോ വിളിക്കുന്നതും കേൾക്കാം.ഒരിക്കൽ 'അവരു മരിച്ചു പോയല്ലോ ' എന്ന് പറഞ്ഞപ്പോൾ ആ കണ്ണ് നിറയുന്നതും കണ്ടു. തന്നെ കാണാൻ എത്തുന്ന പലരെയും അമ്മമ്മയ്ക്ക് ഓർത്തെടുക്കാൻ കഴിയാറില്ല. ചിലപ്പോൾ സ്വന്തം പേര് പോലും ! പക്ഷേ, അമ്മമ്മ ഏറ്റവും കൂടുതൽ വിളിക്കുന്നത് അമ്മയെയാണ് .ആദ്യം ദേവൂട്ടിയെ വിളിച്ചു നോക്കും. വിളി കേൾക്കുന്നില്ലെങ്കിൽ ചെറിയമ്മയേയും ഞങ്ങൾ പേരക്കുട്ടികൾ രണ്ടുപേരെയും ഓർമ്മപ്പിശകൊന്നും കൂടാതെ വിളിച്ചുകൊണ്ടിരിക്കും. ഒറ്റക്കാകുമ്പോൾ എന്തോ പേടിയുള്ളത് കൊണ്ടാവാം ചെറിയ കുട്ടികളെപ്പോലെ എപ്പോഴും അടുത്തൊരാൾ വേണമെണാണ് അമ്മമ്മയ്ക്ക്.അമ്മ അടുത്തുണ്ടെങ്കിൽ പോലും അമ്മമ്മ വിളിച്ചു ഉറപ്പിക്കും.ഇപ്പോൾ തന്നെ അമ്മമ്മയുടെ കൂടെ കിടക്കുന്ന അമ്മയെയാണ് ഈ വിളിക്കുന്നത്.സ്വന്തം പേര് പോലും മറന്നുപോയ ഒരാൾക്ക് മക്കളെയും പേരക്കുട്ടികളെയും ഓർമ്മിച്ചെടുക്കാനാവുന്നതെങ്ങനെയാകും. പ്രത്യേകിച്ച് ദേവൂട്ടിയെ ! ഒരായുഷ്ക്കാലത്തിൽ നമ്മൾ കടന്നുപോയ -നമ്മളെ കടന്നു പോയ മനുഷ്യരിൽ ഏറ്റവും പ്രിയപ്പെട്ടവർ ആരാണെന്ന് ഒരുപക്ഷേ നമ്മൾ തിരിച്ചറിയുന്നത് ഇത്തരം സന്ദർഭങ്ങളിലായിരിക്കും. ഓർമ്മയുടെ ഫ്രെയിമിൽ മറവിക്ക് പോലും മായ്ക്കാനാവാതെ ഒരാളിൽ വേരൂന്നാൻ പാകത്തിൽ ദേവൂട്ടി അമ്മമ്മയ്ക്ക് മാത്രമായി എന്തൊക്കെയോ നൽകിയതിന്റെ - ഇപ്പോഴും നൽകുന്നതിന്റെ ഫലമാകാം അമ്മമ്മ ദേവൂട്ടിയെ വിളിക്കുന്നതും കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതും. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടെയും ഇടയിൽ സ്വയം കുരുങ്ങി കിടക്കുമ്പോഴും മകൾ കൂടെയുണ്ടാവണമെന്ന് ഒരമ്മ ആഗ്രഹിക്കുന്നുവെങ്കിൽ - ഒരു വിളിപ്പാടകലെ മകളുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ ആ മകൾ അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരിക്കാം.ഒരു മനുഷ്യായുസ്സിൽ ഓരോ മനുഷ്യന്റെയും സമ്പാദ്യം ഇങ്ങനെ വിട്ടു പോകാതെ തന്നോട് ചേർന്നിരിക്കുന്ന മറ്റൊരു മനുഷ്യനായിരിക്കാം. ജീവിതത്തിന്റെ മാധുര്യവും കയ്പ്പും പങ്കുവെയ്ക്കുന്ന അല്ലെങ്കിൽ ഇറക്കിവെയ്ക്കുന്ന ചില അത്താണികൾ. ആ ഒരാൾ ചിലപ്പോൾ അമ്മയാവാം, അച്ഛനാവാം,മക്കളാവാം, പങ്കാളിയാവാം, സുഹൃത്താവാം. ചിന്തകൾക്ക് തീപിടിച്ച് എവിടെയൊക്കെയോ കയറി പോകുന്നതിന്റെ ഇടയിലാണ് കരന്റു വന്നത്.ഫാൻ കറങ്ങി തുടങ്ങിയെങ്കിലും ഞാൻ ബെഡിൽ നിന്ന് എണീറ്റ് ദേവൂട്ടിയെയും കെട്ടിപ്പിടിച്ച് അമ്മമ്മ കിടക്കുന്ന മുറിവരെ പോയി നോക്കി.പണ്ട് ദേവൂട്ടി കുഞ്ഞായിരുന്നപ്പോൾ അമ്മമ്മയുടെ ചൂടുപറ്റി കിടന്ന പോലെ ദേവൂട്ടിയോട് പറ്റി അമ്മമ്മ കിടക്കുന്നു.അല്ലെങ്കിലും ദേവൂട്ടിയിപ്പോൾ അമ്മമ്മയ്ക്ക് മകളല്ല അമ്മയാണ്. 'അമ്മേ ...' എന്ന് ഇടയ്ക്കിടെ വിളിക്കുന്നതും കേൾക്കാം. അമ്മമ്മ വീണ്ടും ഉറങ്ങിത്തുടങ്ങിയെന്ന് തോന്നുന്നു. ഞാൻ മുറിയിലെത്തിയത് അവരറിയാതെയിരിക്കാനും അമ്മമ്മ വീണ്ടും ഉണരാതെയിരിക്കാനും ശ്രദ്ധിച്ചുകൊണ്ട് മുറിയിലേക്കു കയറി. ആ ചങ്ങലയുടെ മൂന്നാമത്തെ കണ്ണിയായി രണ്ടുപേരെയും ചേർത്തുപിടിച്ച് ഞാനും കിടന്നു. ഫാനിന്റെ കാറ്റ് എന്റെ വശത്തേക്ക് കുറവായിരുന്നുവെങ്കിലും മറവിക്കു മുമ്പിൽ തോൽക്കാതെ മനുഷ്യരെയിങ്ങനെ ചേർത്തുനിർത്തുന്ന ബന്ധങ്ങളുടെ സുരക്ഷിതത്വത്തിൽ ഞാനുറങ്ങിപ്പോയി.
✎ SABIRA P.K HOD, Department of Malayalam Majlis Arts & Science College, Puramannur