‘വി.സി നിയമനത്തില്‍ സർക്കാർ ഹൈകോടതിയെ സമീപിക്കും’; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ആർ. ബിന്ദു. കാര്യങ്ങൾ പോകുന്നത് ഗവർണറുമായുള്ള തുറന്ന സംഘട്ടനത്തിലേക്കാണ്. ഗവർണറുടെ ഇടപെടൽ ഹൈകോടതി വിധിയോടുള്ള വെല്ലുവിളിയാണ്. വിധിപ്പകർപ്പ് കൈപ്പറ്റുന്നതിന് മുൻപ് ചാൻസലർ ധൃതിപിടിച്ച് നിയമനം നടത്തി. ചാൻസിലറുടെ നിലപാടിനെതിരെ ഉടൻ ഹൈകോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വി.സി നിയമനത്തില്‍ ഗവർണർക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവുമെന്ന് കാണിച്ച് ഹരജി നൽകും. മുൻ ഹൈകോടതി വിധികൾ സൂചിപ്പിച്ചാകും ഹരജി നൽകുക. ഇന്നോ നാളെയോ ഹരജി നൽകാനാണ് തീരുമാനം. കോടതിയെ സമീപിക്കാൻ സർക്കാരിന് അനുകൂലമായി നിയമോപദേശം ലഭിച്ചു. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലും (കെ.ടി.യു) കേരള ഡിജിറ്റൽ സർവകലാശാലയിലും (ഡി.യു.കെ) സർക്കാർ സമർപ്പിച്ച പാനൽ തള്ളി സ്വന്തം നിലക്ക് വി.സി നിയമനം നടത്തിയ ഗവർണറുടെ നടപടിയാണ് പുതിയ തർക്കത്തിന് വഴിതെളിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഷിപ് ടെക്നോളജി വകുപ്പിലെ പ്രഫസറായ ഡോ. കെ. ശിവപ്രസാദാണ് കെ.ടി.യു വി.സി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ മുൻ സീനിയർ ജോയന്റ് ഡയറക്ടറും നേരത്തെ കെ.ടി.യു വി.സിയുടെ ചുമതല വഹിക്കുകയും ചെയ്ത ഡോ. സിസ തോമസിനാണ് ഡിജിറ്റൽ സർവകലാശാലയിൽ വി.സിയുടെ ചുമതല നൽകിയത്. കെ.ടി.യുവിൽ ഡോ. സജി ഗോപിനാഥ്, ഡോ.പി.ആർ. ഷാലിജ്, ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പേരും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. എം.എസ്. രാജശ്രീയുടെ പേരും സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. സർക്കാർ പാനൽ സമർപ്പിച്ച സാഹചര്യത്തിൽ നിയമനത്തിൽ വ്യക്തത തേടി രാജ്ഭവൻ ഹൈകോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് വ്യക്തത നൽകിയതോടെയാണ് സർക്കാർ പാനൽ തള്ളി ഗവർണർ താൽക്കാലിക വി.സിമാരുടെ നിയമനം നടത്തിയത്. ഡിജിറ്റൽ സർവകലാശാല വി.സിയും സാങ്കേതിക സർവകലാശാല വി.സിയുടെ അധിക ചുമതല വഹിക്കുകയും ചെയ്തിരുന്ന ഡോ. സജിഗോപിനാഥിന്റെ കാലാവധി ഒക്ടോബർ 26ന് പൂർത്തിയായതിനെ തുടർന്നാണ് രണ്ടിടത്തും ഒരുമാസമായി പദവി ഒഴിഞ്ഞുകിടന്നിരുന്നത്. താൽക്കാലിക വി.സി നിയമനത്തിന് സർക്കാറുമായി കൂടിയാലോചിക്കണമെന്ന് ഹൈകോടതി ഉത്തരവുള്ളത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പാനൽ സമർപ്പിച്ചത്.