ദേശീയ സരസ് മേള: സമ്മാന കൂപ്പൺ തുകയുടെ ആദ്യ ഗഡു മന്ത്രി എം.ബി. രാജേഷിന് കൈമാറി
ചാലിശ്ശേരിയിൽ ജനുവരി രണ്ട് മുതൽ 11 വരെ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിഹിതം മന്ത്രി എം.ബി. രാജേഷിന് കൈമാറി. കൂപ്പൺ കളക്ഷന്റെ ആദ്യ ഗഡുവായ 72 ലക്ഷം രൂപയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് കൈമാറിയത്. ജില്ലാ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. അനുരാധ, കുടുംബശ്രീ ജില്ലാ മിഷൻ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ നടക്കുന്ന മേളയിൽ കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും രുചിവൈവിധ്യങ്ങൾ അണിനിരക്കുന്ന മെഗാ ഇന്ത്യൻ ഫുഡ്‌കോർട്ട് പ്രധാന ആകർഷണമായിരിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത-നൃത്ത നിശകൾക്ക് പുറമെ പ്രാദേശിക കലാകാരന്മാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും വൈവിധ്യമാർന്ന കലാവിഷ്ക്കാരങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.
തൃത്താല മണ്ഡലത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ആദരസന്ധ്യകൾ, വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, പുഷ്പമേള, ഹാപ്പിനെസ് കോർണർ എന്നിവയും സരസ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിപുലമായ ജനപങ്കാളിത്തത്തോടെ മേള വിജയിപ്പിക്കാനുള്ള സജ്ജീകരണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
