പാലക്കാട് ജില്ലാ ബഡ്‌സ് ഒളിമ്പിയ; ആലത്തൂർ ഓവറോൾ ജേതാക്കൾ
പറളി: ബഡ്‌സ് / ബിആർസി സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി കുടുംബശ്രീ പാലക്കാട് ജില്ലാമിഷൻ സംഘടിപ്പിച്ച ജില്ലാതല കായികമത്സരം ബഡ്‌സ് ഒളിമ്പിയയിൽ 46 പോയിന്റ് നേടി ആലത്തൂർ ബിആർസി ജേതാക്കളായി. 36 പോയിന്റുമായി അഗളി ബിആർസി രണ്ടാമതെത്തി. 29 പോയിന്റുമായി വിളയൂർ ബിആർസിയും തൃത്താല ബിആർസിയും മൂന്നാംസ്ഥാനം പങ്കിട്ടു.
പറളി ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടന്ന മേളയിൽ ജില്ലയിലെ 35 ബഡ്‌സ് / ബിആർസികളിൽ നിന്നായി 282 മത്സരാർഥികൾ പങ്കെടുത്തു. സമാപനസമ്മേളനവും സമ്മാനവിതരണവും കെ. ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. പി.ബി. സുഭാഷ്, പി.ജി. മനോജ്, കെ.എസ്. ശില്പ, രാജിമോഹൻ, അനുരാധ എന്നിവർ സംസാരിച്ചു.
