പെരിന്തൽമണ്ണ ലീഗ് ഓഫീസിനു കല്ലേറ്: അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്‍ലിംലീഗ് ഓഫീസായ സിഎച്ച് സ്മാരക സൗധത്തിനുനേരേ ഞായറാഴ്ച രാത്രിയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ താമരത്ത് സുൽഫിക്കർ (44), പാതായ്ക്കര ചെന്ത്രത്തിൽ മനോജ് (48), കക്കൂത്ത് ചേരിയിൽ ഹസൈനാർ (49), കുന്നപ്പള്ളി മാമ്പ്രപ്പടി മണക്കാട്ടുതൊടി മുഹമ്മദ് റോഷൻ (25), കക്കൂത്ത് കണ്ണംതൊടി ജിഷാദ് അലി (20) എന്നിവരെയാണ് അറസ്റ്റുചെയ്തത്. സംഭവത്തിനു ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവള പരിസരത്തുവെച്ചാണ് സുൽഫിക്കറിനെ അറസ്റ്റുചെയ്തതെന്ന് പോലീസ് പറഞ്ഞു. സിപിഎമ്മിന്റെ പ്രതിഷേധപ്രകടനത്തിനിടെയാണ് പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. മുസ്‍ലിംലീഗ് മണ്ഡലം സെക്രട്ടറി കൊളക്കാടൻ അസീസ് നൽകിയ പരാതിയിലാണ് നടപടി. കല്ലേറിൽ ലീഗ് ഓഫീസിന്റെ ജനൽച്ചില്ലുകളും നെയിംബോർഡും തകർന്നു. കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ ഹസൈനാർ നഗരസഭാ ഒമ്പതാംവാർഡ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമാണ്. 14 പേർക്കെതിരേയാണ് പരാതിയുള്ളത്. മുസ്‍ലിംലീഗ് ഓഫീസിനുള്ളിൽ പുറത്തുനിന്ന് വീണ കല്ലു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഞായറാഴ്ചരാത്രി യുഡിഎഫിന്റെ ആഹ്ളാദപ്രകടനത്തിനുശേഷം പിരിഞ്ഞുപോവുകയായിരുന്ന ഒരു സംഘം മുസ്‍ലിംലീഗ് പ്രവർത്തകർ സിപിഎം ഓഫീസിനുനേരേ കല്ലെറിഞ്ഞതായും പരാതിയുണ്ട്. ഇതിനുശേഷം സിപിഎം നടത്തിയ പ്രതിഷേധപ്രകടനത്തിനിടെയാണ് ലീഗ് ഓഫീസിനുനേരേ കല്ലേറുണ്ടായത്. സിപിഎം ഓഫീസിനു നേരേ കല്ലേറു നടന്ന സംഭവത്തിലും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച യുഡിഎഫ് പെരിന്തൽമണ്ണയിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ച് പ്രതികളെ പിടികൂടിയതോടെ രാവിലെ ഹർത്താൽ പിൻവലിച്ചു.
