പ്രചാരണം ഫലിച്ചു; മലപ്പുറത്ത് വീട്ടുപ്രസവങ്ങൾ കുറയുന്നു
മലപ്പുറം: വീട്ടിൽ പ്രസവിക്കുന്ന അപകടകരമായ സമ്പ്രദായം മലപ്പുറം ജില്ലയിൽ കാര്യമായി കുറയുന്നു. ഏപ്രിലിൽ പ്രത്യേക പ്രചാരണം ആരംഭിച്ചതു മുതൽ 2025-26 വർഷത്തിൽ ഇതുവരെ 35 വീട്ടുപ്രസവങ്ങളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2024-25 വർഷത്തിൽ 191 വീട്ടു പ്രസവങ്ങളുണ്ടായ ഇടത്താണ് കാര്യമായ കുറവുണ്ടാക്കാനായത്. കോഡൂരിനടുത്ത്, വീട്ടിൽ പ്രസവിച്ച പെരുമ്പാവൂർ സ്വദേശിനി മരിച്ച വിവരം പുറത്തറിഞ്ഞത് ഏപ്രിൽ ആറിന് ആയിരുന്നു.
തൊട്ടടുത്ത ദിവസമായ ലോകാരോഗ്യദിനത്തിൽ തന്നെ വീട്ടുപ്രസവത്തിനെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക കാംപെയ്ൻ ആരംഭിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 25, 13, 23 എന്നിങ്ങനെ ആകെ 61 പ്രസവങ്ങൾ ഉണ്ടായ ഇടത്ത് തൊട്ടടുത്ത മാസങ്ങളിൽ വീട്ടുപ്രസവങ്ങൾ കാര്യമായി കുറയ്ക്കാൻ കഴിഞ്ഞു.
കോഡൂരിലെ മരണത്തെത്തുടർന്നുണ്ടായ പ്രചാരണങ്ങളും ഊർജിതമായ കാംപെയ്‌നും ഒട്ടേറെ അമ്മമാരുടെയും നവജാതശിശുക്കളുടെയും ജീവന് രക്ഷയായിത്തീർന്നു. ജില്ലയിലെ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യം പ്രത്യേകം ചർച്ച ചെയ്യുകയും വീട്ടുപ്രസവങ്ങൾ ഇനിയും കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരാൻ തീരുമാനിക്കുകയുംചെയ്തു.
