പാലക്കാട് സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറി ഇടിച്ചു; അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: ലക്കിടിയിൽ സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് യുവതിയും മൂന്നുവയസ്സുകാരി മകളും മരിച്ചു. തിരുവില്വാമല കണിയാർകോട് മാണിയങ്ങാട്ട് കോളനിയിലെ ശരണ്യ (29), മകൾ ആദിശ്രീ (3) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ലക്കിടി കുഞ്ചൻ സ്മാരക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം.
ശരണ്യയുടെ ചെറിയച്ഛൻ മോഹൻദാസ് ഓടിച്ചിരുന്ന സ്‌കൂട്ടറിൽ പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും തലയിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങിയതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. അപകടത്തിൽ പരിക്കേറ്റ മോഹൻദാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
