സുശീലപ്പടി റെയില്‍വേ മേല്‍പ്പാലം: സ്ഥലംവിട്ടു നല്‍കുന്നതിന് സമ്മതപത്രം കൈമാറി
തൃത്താല മണ്ഡലത്തിലെ സുശീലപ്പടി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എംബി രാജേഷിന്റെ അധ്യക്ഷതയില്‍ ഭൂവുടമകളുടെ യോഗം ചേര്‍ന്നു. മേല്‍പ്പാല നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിലേക്ക് മുന്‍കൂറായി സ്ഥലംവിട്ടു നല്‍കാനുള്ള സമ്മതപത്രം 26 ഭൂവുടമകളും യോഗത്തില്‍ കൈമാറി. രണ്ടര ഏക്കറോളം ഭൂമിയാണ് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിനായി ഭൂവുടമകളില്‍ നിന്നും ലഭ്യമായത്. മറ്റ് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സുശീലപ്പടിയില്‍ മേല്‍പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ തൃത്താല മേഖലയില്‍ ഗതാഗതരംഗത്തും വികസനരംഗത്തും വന്‍ മുന്നേറ്റമുണ്ടാക്കാനാകും. പരുതൂര്‍ സ്വദേശികളുടെ 45 വര്‍ഷത്തോളമായുള്ള ആവശ്യമാണ് നിറവേറുന്നത്. കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളെ പാലം വഴി ബന്ധിപ്പിക്കാനുമാകും. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നാല് കോടി രൂപയാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്കാണ് നിര്‍മ്മാണ ചുമതല.
പരുതൂര്‍ പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) കെ ബിന്ദു, തഹസില്‍ദാര്‍ മധു, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍, ഭൂവുടമകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
