പെരിന്തൽമണ്ണയിലെ യുഡിഎഫ് ഹർത്താൽ പിൻവലിച്ചു
പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയസഭാ മണ്ഡലത്തിൽ യുഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹർത്താൽ പിൻവലിച്ചു. അക്രമികളെ പോലീസ് വേഗത്തിൽ പിടികൂടിയ സാഹചര്യത്തിലാണ് ഹർത്താൽ വേണ്ടെന്നു വെക്കാൻ തീരുമാനിച്ചതെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിനു നേരെ അക്രമം നടന്നത്. അക്രമത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തുകയും ഹർത്താലിന് ആഹ്വാനം ചെയ്യുകയുമായിരുന്നു. എന്നാൽ പോലീസ് നടപടി വേഗത്തിലായതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രതിഷേധ പരിപാടികളിൽ മാറ്റം വരുത്തുകയായിരുന്നു.
