logo
AD
AD

മണ്ണാര്‍ക്കാട് ജനവാസ മേഖലയില്‍ ഭീതി പരത്തിയ പുലി കൂട്ടിലായി

മണ്ണാർക്കാട്: മാസങ്ങളോളം മലയോര കുടിയേറ്റമേഖലയിലെ ജനങ്ങളെ ഭീതിയിലാക്കിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ വാക്കോടൻ മലവാരത്തിനു സമീപം കൊട്ടാരത്തിൽ ജോർജിന്റെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്.⁣ ⁣ ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കൂട്ടിനകത്ത് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതുപ്രകാരം മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.⁣ ⁣ നവംബർ 27-നാണ് ജോർജിന്റെ തോട്ടത്തിൽ വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ പൂഞ്ചോല, വാക്കോടൻ തുടങ്ങിയ ഭാഗങ്ങളിൽ മാസങ്ങളായി പുലിഭീതി നിലനിന്നിരുന്നു. വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ ഉൾപ്പെടെ പുലിയ കണ്ടതായും പറഞ്ഞിരുന്നു.⁣ ⁣ തുടർന്ന്, പുലിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും നടത്തിയിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യങ്ങളെത്തുടർന്ന് ആദ്യം പൂഞ്ചോലയിലാണ് കൂട് സ്ഥാപിച്ചത്. പിന്നീടിത് വാക്കോടൻ ഭാഗത്തേക്കു മാറ്റുകയായിരുന്നു.⁣ ⁣ മൂന്നാഴ്ചക്കാലം പിന്നിട്ട കാത്തിരിപ്പിനൊടുവിൽ പുലി കുടുങ്ങിയതോടെ നാട്ടുകാർക്ക് ആശ്വാസമായി. പുലി കൂട്ടിലായതറിഞ്ഞ് രാത്രിയിലും നിരവധി ആളുകളാണ് സ്ഥലത്തേക്കെത്തിയത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷം പുലിയെ ഉൾക്കാട്ടിൽ തുറന്ന് വിട്ടു.

latest News