മലപ്പുറം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം തിരുവാലി ജി.എച്ച്.എസ്.എസില്‍ നടന്നു
മലപ്പുറം: പരീക്ഷയില്‍ ലഭിക്കുന്ന എ പ്ലസുകളുടെ എണ്ണത്തെക്കാളുപരി നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണമെന്നും ഇതിനായി വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍. മലപ്പുറം ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാരംഗം കലാസാഹിത്യ വേദി 2025ല്‍ നടത്തിയ സര്‍ഗോത്സവത്തില്‍ 17 ഉപജില്ലകളില്‍ നിന്ന് പങ്കെടുത്ത സാഹിത്യപ്രതിഭകളായ വിദ്യാര്‍ഥികള്‍ രചിച്ച കവിതകളുടെ സമാഹാരം 'സ്മൃതി'യുടെ പ്രകാശനവും തിരുവാലി ജി.എച്ച്.എസ്.എസിന്റെ വീഡിയോ പ്രദര്‍ശന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അസലു അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. അജ്മല്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത, തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയന്‍, ജില്ലാ പഞ്ചായത്തംഗം പി.എച്ച്. ഷമീം എന്നിവര്‍ വിശിഷ്ടാതിഥികളായി. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
