logo
AD
AD

'വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാവകാശം ഹനിക്കുന്നു'; വളാഞ്ചേരി മര്‍ക്കസില്‍ വഫിയ്യ പഠനം നിർത്തലാക്കിയതിനെതിരെ ചൈൽഡ്‍ലൈനു പരാതി

മലപ്പുറം: വളാഞ്ചേരി മർക്കസിൽ വഫിയ്യ പഠനം നിർത്തലാക്കാനുള്ള അഡ്മിനിസ്ട്രേഷൻ കമ്മറ്റി തീരുമാനത്തിനെതിരെ ചൈൽഡ്‍ലൈനു പരാതി നൽകി വിദ്യാർത്ഥിനി. വഫിയ്യ പഠനത്തിനായാണ് സ്ഥാപനത്തിൽ ചേർന്നതെന്നും പഠനം പൂർത്തിയാക്കാൻ അനുവദിക്കാത്തത് നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു

വളാഞ്ചേരി മർക്കസിനുകീഴിലുള്ള അൽഗൈഥ് ഇസ്‍ലാമിക് ആർട്സ് കോളജിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ചൈൽഡ്‍ലൈനു പരാതി നൽകിയത്. ഭൗതിക വിദ്യാഭ്യാസത്തിനൊപ്പം മതവിദ്യാഭ്യാസ പദ്ധതിയായ വഫിയ്യ ബിരുദത്തിൽ ആകൃഷ്ടയായാണ് സ്ഥാപനത്തിൽ പഠനത്തിന് ചേർന്നതെന്നും കഴിഞ്ഞയാഴ്ച മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി വഫിയ്യ കോഴ്സ് നിർത്തലാക്കുന്നതായി അധികൃതർ അറിയിച്ചെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ അവസരം വേണമെന്ന ആവശ്യം മർക്കസ് അധികൃതർ നിരസിച്ചു

റസിഡൻഷ്യൽ സംവിധാനത്തിലുള്ള കോളജിൽ ഭക്ഷണവും താമസവും ഉറപ്പുനൽകിയാണ് പ്രവേശനം നേടിയത്. എന്നാൽ, ഇപ്പോൾ ഭക്ഷണമടക്കം ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. പഠനം പൂർത്തിയാക്കുന്നതിനാവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ടാണ് മലപ്പുറം ചൈൽഡ്‍ലൈന് പ്ലസ് വൺ വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ചൈൽഡ്‍ലൈൻ കോർഡിനേറ്റർ പറഞ്ഞു. സി.ഐ.സിക്ക് കീഴിലായിരുന്ന കോളജിലെ വാഫി-വഫിയ്യ കോഴ്സ് നിർത്തലാക്കുന്നതായി കഴിഞ്ഞയാഴ്ചയാണ് വളാഞ്ചേരി മർക്കസ് അധികൃതർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചത്. തീരുമാനത്തിനെതിരെ ഒരു വിഭാഗം രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് വിദ്യാർത്ഥിനി തന്നെ നേരിട്ട് പരാതി നൽകിയത്. വാഫി-വഫിയ്യ കോഴ്സിന് ബദലായി സമസ്ത നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതി പ്രകാരമുള്ള കോഴ്സുകൾ മർക്കസിൽ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ഇപ്പോൾ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കില്ലെന്നും, പുതിയ കോഴ്സിൽ പഠനം തുടരാനാകുമെന്നുമാണ് മർക്കസ് വിശദീകരണം.

Latest News

latest News