logo
AD
AD

'ടർക്കിഷ് തർക്കം': മതനിന്ദാ വിവാദം മനപ്പൂർവം സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം: വി.ടി ബൽറാം

കോഴിക്കോട്: 'ടർക്കിഷ് തർക്കം' എന്ന സിനിമ മതനിന്ദാ വിവാദത്തിന്റെ പേരിൽ തിയറ്ററിൽനിന്ന് പിൻവലിച്ചത് സംശയകരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിൽ മതനിന്ദ ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇങ്ങനെയൊരു പരാതി പൊലീസിന് ലഭിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തതായി വ്യക്തതയില്ലെന്നും ബൽറാം പറഞ്ഞു.

തിയറ്ററിൽ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കിൽ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താൻ വേണ്ടി മനപ്പൂർവ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിൻവലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

ഇസ്‌ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാർക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുന്ന രാഷ്ട്രീയ പാർട്ടികളും അവർക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വർഗീയതയുടെ കളത്തിൽ ഉൾക്കൊള്ളിച്ച് ന്യായീകരണ ക്യാപ്‌സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങൾക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Latest News

latest News